തിരുവനന്തപുരം: വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സിന്ധുവിനെതിരെ കൂടുതൽ പരാതികൾ. ആറ് കുടുംബങ്ങൾ കൂടി പൊലീസിനെ സമീപിച്ചതോടെ പരാതിക്കാരുടെ എണ്ണം വർധിച്ചു. സിന്ധു നേരത്തെ മൂന്ന് തട്ടിപ്പ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സിന്ധുവിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനിടെ, സ്വർണം പണയം വെച്ചാൽ കുറഞ്ഞ പലിശയ്ക്ക് കൂടുതൽ വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന സിന്ധുവിന്റെ ശബ്ദരേഖ പുറത്തുവന്നു.
തിരുവനന്തപുരം നഗരത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ സ്വർണം ഈടുവെച്ചാൽ കൂടുതൽ തുക ലഭിക്കുമെന്ന് സിന്ധു പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. വസ്തു പണയം വെച്ചാലും കൂടുതൽ വായ്പ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരെയും സമീപിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സ്വർണാഭരണങ്ങളുടെ യഥാർഥ ഉടമകളുടെ പേരുകൾ ഒഴിവാക്കിയാണ് പണയ ഇടപാടുകൾ നടത്തിയതെന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സിന്ധുവിന് ബന്ധമുണ്ടായിരുന്നെന്നും പൊലീസ് സംശയിക്കുന്നു. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നവരെയാണ് പ്രതി ലക്ഷ്യമിട്ടതെന്നും അന്വേഷണസംഘം പറയുന്നു. അതേസമയം, പല പരാതിക്കാർക്കും പണയ ഇടപാടുകളുടെ രേഖകൾ കൈവശമില്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്.


















































