മല്ലപ്പള്ളി: സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ തുറന്ന് പരിശോധിക്കരുതെന്ന ബാലാവകാശ കമ്മിഷന്റെ നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന് കത്ത് നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അധ്യാപകർക്കും മാതാപിതാക്കൾക്കും സ്കൂൾ ബാഗുകൾ പരിശോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മല്ലപ്പള്ളി വൈ.എം.സി.എ സംഘടിപ്പിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളക്കുപ്പികളിൽ മദ്യം കൊണ്ടുവന്ന സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ബാഗ് പരിശോധന പോലുള്ള കാര്യങ്ങളിൽ അനാസ്ഥ കാണിക്കുന്നത് കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
സംസ്ഥാനത്ത് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയ മന്ത്രി, ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യയെ മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മുക്ത രാജ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തുണയും ആവശ്യമായ സാമ്പത്തിക സഹായവും ലഭ്യമാകുമെന്ന് അറിയിച്ചതായും പറഞ്ഞു. ഫണ്ട് ലഭിക്കുന്നതോടെ പൊലീസിന് ആവശ്യമായ വാഹനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. തായ്‌വാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതെന്നും അതിഥിത്തൊഴിലാളികളിൽ ഒരു വിഭാഗത്തെ ഇതിനായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരണ പരിപാടികളിലൂടെ ഇവരെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, പെരുമ്പാവൂരിന് പിന്നാലെ കോട്ടയം ജില്ലയിലെ പായിപ്പാട്ടിലും ഉടൻ നടപടികൾ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

















































