മേപ്പാടി: വയനാട് തുരങ്കപാത നിർമാണ മേഖലയായ കള്ളാടിയിൽ മണ്ണിടിച്ചിൽ. മീനാക്ഷി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട വൻ മൺകൂനയാണ് ഇടിഞ്ഞതെന്നാണ് വിവരം.
മണ്ണിടിച്ചിലിൽ ചില വാഹനങ്ങളും മണ്ണിനടിയിലായതായി പ്രാഥമിക വിവരമുണ്ട്. 30 ലേറെ നിർമ്മാണ തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. അപകടത്തിൽപ്പെട്ട അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേന, പൊലീസ്, റവന്യൂ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്.
മേപ്പാടി മേഖലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

















































