തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. ‘അമ്മ’യുടെ ആഭ്യന്തര വിഷയങ്ങളിൽ ബിജെപി ഇടപെടില്ലെന്നും, പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിനിമാരംഗത്തെ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ ബിജെപി ഇടപെടുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അത് ശരിയല്ലെന്ന് എസ്. സുരേഷ് പറഞ്ഞു. ഇടനിലക്കാരെ ഉപയോഗിച്ച് കോടികൾ ചെലവഴിച്ച് ആരെയും സ്വാധീനിക്കേണ്ട സാഹചര്യം ബിജെപിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിൽ തന്നെ തുടർന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടിക്കണക്കിന് രൂപ സമ്പാദിക്കാമായിരുന്നുവെങ്കിലും ദേശീയതയിൽ വിശ്വസിച്ചതുകൊണ്ടാണ് അദ്ദേഹം ബിജെപിയിലേക്ക് എത്തിയതെന്നും എസ്. സുരേഷ് പറഞ്ഞു. ശ്വേതാ മേനോൻ ബിജെപി പ്രതിനിധിയല്ലെന്നും, അവർ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയുമാണെങ്കിലും ബിജെപി അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നസെന്റ് ‘അമ്മ’ പ്രസിഡന്റായിരുന്നപ്പോൾ സിപിഎം സംഘടന പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നില്ലെന്നും, രമേഷ് പിഷാരടി അഡ്ഹോക് കമ്മിറ്റിയുടെ കൺവീനറായപ്പോഴും കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും എസ്. സുരേഷ് പറഞ്ഞു. ഇക്കാര്യത്തിൽ ബിജെപി മാന്യത പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നടി മാലാ പാർവതിയും രംഗത്തെത്തി. കഴിഞ്ഞ 32 വർഷത്തിനിടെ കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങളാണ് ‘അമ്മ’യിൽ ഇപ്പോൾ നടക്കുന്നതെന്ന് അവർ ആരോപിച്ചു. കലാകാരന്മാർക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കുന്ന ഒരാൾ സംഘടനയെ നയിക്കരുതെന്നും വാർത്താസമ്മേളനത്തിൽ മാലാ പാർവതി പറഞ്ഞു.
അദാനി ഗ്രൂപ്പിൽ നിന്ന് ‘അമ്മ’യ്ക്ക് 15 കോടി രൂപ സംഭാവന ലഭിക്കുമെന്ന് ബിജെപി നേതാവ് പത്മജ മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിന്റെ വീഡിയോയും മാലാ പാർവതി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നിന്ന് 15 കോടി രൂപ സംഭാവനയായി വേണ്ടെന്നതാണ് തങ്ങളുടെ നിലപാടെന്ന് അവർ പറഞ്ഞു. ശ്വേതാ മേനോന്റെ വിശ്വാസ്യതയിൽ 15 കോടി രൂപ എത്തിക്കുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണെന്നും, അവർ ‘അമ്മ’ അംഗമല്ലെന്നും മാലാ പാർവതി പറഞ്ഞു.
ശ്വേതാ മേനോൻ കോൺഗ്രസുകാരിയാണെന്ന് പറയപ്പെടുന്നുണ്ടെന്നും, അവർക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലായാലും തങ്ങൾക്ക് എതിർപ്പില്ലെന്നും മാലാ പാർവതി പറഞ്ഞു. എന്നാൽ സംഘടനയിൽ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കുമെന്നും അവർ വ്യക്തമാക്കി. അൻസിബ ഹസനെ വർഗീയവാദിയായും ജിഹാദിയായും ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും, ഹിന്ദു ക്ഷേത്രത്തിൽ നിന്ന് പണം വാങ്ങിയെന്ന പേരിൽ അവർക്കെതിരെ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നത് ആരോപണമല്ല, തന്റെ അനുഭവമാണെന്നും മാലാ പാർവതി പറഞ്ഞു.
ജനറൽ ബോഡിയിൽ സംസാരിക്കാൻ തന്നെ അനുവദിച്ചില്ലെന്നും, ശ്വേതാ മേനോൻ മൈക്ക് നൽകാതെ തടഞ്ഞുനിന്നുവെന്നും മാലാ പാർവതി ആരോപിച്ചു. താൻ സംസാരിച്ചാൽ അത് മാധ്യമങ്ങളിൽ എത്തുമെന്നായിരുന്നു ശ്വേതയുടെ നിലപാടെന്നും, രമേഷ് പിഷാരടിയുടെ ഫോൺ സംഭാഷണം അജണ്ടയോടെയാണ് പുറത്തുവിട്ടതെന്നും, ആ ഫോൺകോളിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

















































