കോഴിക്കോട്: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 56കാരന് 42 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കോഴിക്കോട് കൂത്താളിയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ജില്ലാകൃഷി ഫാമിലെ ജീവനക്കാരനായ പെരുവണ്ണാമൂഴി കല്ലിപ്പറമ്പിൽ ചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.
2024 ജനുവരിയിൽ, തന്റെ പേരക്കുട്ടികൾക്കൊപ്പം കളിക്കാൻ വരാറുണ്ടായിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പല ദിവസങ്ങളിലായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കുട്ടി സ്കൂൾ ഹെഡ്മാസ്റ്ററോട് വിവരം അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെരുവണ്ണാമൂഴി എസ്.ഐ ജിതിൻ വാസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ പി. അരുണ്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷൻ 18 സാക്ഷികളെയും 26 രേഖകളും കോടതിയിൽ ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

















































