ഫിലാഡെൽഫിയ: ഫ്രാൻസ് ഒരു ആക്രമണ ഫുട്ബോൾ സംഘം മാത്രമല്ലെന്ന് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. വേണ്ടിവന്നാൽ ശാരീരികക്ഷമത ആവശ്യമായതും കടുപ്പമേറിയതുമായ കളിശൈലി പുറത്തെടുക്കാനും തങ്ങൾക്ക് കഴിയും. പാരഗ്വായ്‌യെ തകർത്ത് ക്വാർട്ടർ ഫൈനൽ യോഗ്യത ഉറപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ എംബാപ്പെയുടെ പെനാൽറ്റി ഗോളിലൂടെ ജയിച്ച് ഫ്രാൻസ് ക്വാർട്ടറിലെത്തി.
‘കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ ജഴ്‌സിയുമിട്ട്, വൺ-ടു പാസുകളും മനോഹരമായ മുന്നേറ്റങ്ങളുമായി കളിക്കാൻ വരുമെന്നാണ് അവർ കരുതിയത്. പക്ഷെ എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം. ഇന്ന് ചെയ്തത് അതാണ്, അതിൽ വിജയിക്കുകയും ചെയ്തു. ആ തരത്തിൽ കളിച്ചിട്ടും അവരേക്കാൾ മികച്ചവർ ഞങ്ങൾ തന്നെയായിരുന്നു’ – എംബാപ്പെ പറഞ്ഞു.
അതേസമയം കഴിഞ്ഞ മത്സരത്തിൽ പരുക്കൻ കളികളിച്ച് ഫ്രാൻസിന്റെ താളംതെറ്റിക്കാനായിരുന്നു പാരഗ്വായ് ശ്രമിച്ചത്. കളിക്കാരെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ ഇത്തരമൊരു മത്സരമാണ് തങ്ങൾ പ്രതീക്ഷിച്ചതെന്നാണ് എംബാപ്പെ പറഞ്ഞു. ‘ഇന്ന് എങ്ങനെയുള്ള മത്സരമായിരിക്കും നേരിടേണ്ടിവരികയെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാമായിരുന്നു. ആക്രമണ ഫുട്‌ബോൾ മാത്രമറിയുന്ന ടീമല്ല ഞങ്ങളെന്ന് ഇന്ന് തെളിയിച്ചു’ -എംബാപ്പെ പറഞ്ഞു.
അതുപോലെ ഓരോ ടീമിനും അവരുടേതായ ശൈലിയുണ്ടെന്നും എംബാപ്പെ പറഞ്ഞു. അതാണ് അവരുടെ ഫുട്‌ബോൾ, അങ്ങനെയാണ് അവർ കളിക്കുന്നത്. എല്ലാവരും അവരുടെ കൈവശമുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നു. ഫുട്‌ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് വിജയിക്കുക എന്നതാണ്. ആ ശൈലിയിലൂടെ ഞങ്ങളെ തോൽപ്പിക്കാനാണ് അവർ ശ്രമിച്ചത്, എന്നാൽ അവരുടെ അതേ കളികളിച്ച് ഞങ്ങൾ അവരെ പരാജയപ്പെടുത്തി എന്നും എംബാപ്പെ കൂട്ടിച്ചേർത്തു.


















































