ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാർ തീരുമാനിച്ചു. നിയമന ഉത്തരവ് ഈ മാസം 10-ന് കരൂരിലെ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വിജയ് നേരിട്ട് കൈമാറും.
2025 സെപ്റ്റംബർ 27-നാണ് സംസ്ഥാനത്തെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്.
റാലിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകൾ എത്തിയിരുന്നു. വിജയ് എത്താൻ ഏകദേശം ഏഴ് മണിക്കൂർ വൈകിയതോടെ ജനക്കൂട്ടം വൻതോതിൽ വർധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിച്ചേർന്നതോടെ ആളുകൾ ഒരുമിച്ച് മുന്നോട്ടേക്ക് നീങ്ങാൻ ശ്രമിക്കുകയും നിയന്ത്രണംവിട്ട തിക്കിലും തിരക്കിലും ദുരന്തമുണ്ടാകുകയുമായിരുന്നു.

















































