ഫിഫ ലോകകപ്പ് 2026ൽ ഏറ്റവും ചർച്ചാ വിഷയമായി മാറിയ കേപ് വെർദെ ടീമിന് തിരിച്ചടിയായി നായകനെതിരെ ഗുരുതരമായ ലൈംഗികാരോപണം. ടീമിന്റെ നായകനായ റയാൻ മെൻഡസിനെതിരെയാണ് ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ന്യൂസിലൻഡിലെ ഓക്ലൻഡിലെ ഒരു ഹോട്ടലിൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ ന്യൂസിലൻഡ് പോലീസ് അന്വേഷണം ആരംഭിച്ചു. ഫിഫ അംഗീകൃത ടീം സപ്പോർട്ട് വർക്കറാണ് പരാതിക്കാരി. കഴിഞ്ഞ മാർച്ചിൽ നടന്ന ഫിഫ സീരീസ് ടൂർണമെന്റിനിടെ ടീമിനൊപ്പമുണ്ടായിരുന്ന ബ്രസീലിയൻ വനിതാ ട്രാൻസ്‌ലേറ്ററെ മെൻഡസ് ലൈംഗികമായി ആക്രമിച്ചതെന്നാണ് ആരോപണം.
റിപ്പോർട്ടുകൾ പ്രകാരം, വനിതയുടെ മുറിയിലേക്ക് അനധികൃതമായി കയറി മെൻഡസ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. തുടർന്ന് അവർ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയായി. സംഭവം നടന്നതിന് പിന്നാലെ കേപ് വെർദെ ടീമിലെ മൂന്ന് ഉദ്യോഗസ്ഥരെയും അവർ വിവരം അറിയിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഫിഫ, ഏതൊരു ആരോപണവും ഗൗരവമായി കാണുന്നു എന്ന് വ്യക്തമാക്കി. ന്യൂസിലൻഡ് അധികാരികളുമായി ബന്ധത്തിൽ ഉണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ഫിഫ അറിയിച്ചു. അതേസമയം കേപ് വെർദേ ടീം ഇതുവരെ ഈ ആരോപണങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, ഗ്രൂപ്പ് ഘട്ടത്തിൽ അതിശയകരമായ പ്രകടനമാണ് കേപ് വെർദെ കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ സ്പെയിനിനെ (0-0) സമനിലയിൽ തളച്ചുകൊണ്ടായിരുന്നു ഇത്തിരി കുഞ്ഞൻമാരായ കേപ് വെർദെയുടെ ലോകകപ്പ് അരങ്ങേറ്റം. രണ്ടാം മത്സരത്തിൽ ഉറൂഗ്വേയെ 2-2 ന് വീണ്ടും സമനിലയിൽ തളച്ച് അവർ വീണ്ടും ലോകത്തെ ഞെട്ടിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ സാക്ഷാൽ ലോക ചാമ്പ്യന്മാരായ അർജന്റീനയെ വരെ വെള്ളം കുടിപ്പിച്ച സൗദിയെ വീണ്ടും 0-0 സമനിലയിൽ പൂട്ടി.
ഇതോടെ മൂന്ന് സമനിലകളുമായി മൂന്ന് പോയിന്റ് നേടി അവർ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തി. ഇപ്പോൾ പ്രീക്വാർട്ടർ പോരാട്ടത്തിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്കെതിരെയാണ് കേപ് വെർഡെയുടെ മത്സരം. ജൂലൈ 3ന് മിയാമിയിലാണ് ഈ നിർണായക പോരാട്ടം.
ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കേപ് വെർദേ- അർജന്റീന പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നായകനു നേരെയുള്ള ഈ ഗുരുതര ആരോപണം ടീമിന്റെ ആത്മവിശ്വാസത്തെയും ലോകകപ്പ് സ്വപ്നത്തെയും എങ്ങനെ ബാധിക്കും എന്നതാണ് ഇപ്പോൾ കായികലോകം ഉറ്റുനോക്കുന്നത്.












































