തിരുവനന്തപുരം: പകർച്ചവ്യാധി നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങളെ ഒരു മാസം കൊണ്ട് പൂർണമായി മെച്ചപ്പെടുത്താൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.
“10 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ തകർത്ത സംവിധാനങ്ങൾ ഒരു മാസം കൊണ്ട് ശരിയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല,” എന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി നിയന്ത്രണ സംവിധാനത്തിലെ വീഴ്ചകളും പ്രവർത്തനപരമായ അവലോകനവും സംബന്ധിച്ച് സർക്കാർ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ നിലവിലെ വെല്ലുവിളികൾ രാഷ്ട്രീയ വിവാദങ്ങളാക്കി മാറ്റേണ്ടതില്ലെന്നും, പൊതുജനാരോഗ്യം മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.















































