കുന്നംകുളം (തൃശ്ശൂർ): സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ടെലഗ്രാം വഴി പണം വാങ്ങി പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. ചൊവ്വന്നൂർ സ്വദേശിയായ അനന്തുവിനെതിരെയാണ് നടപടി. ചൊവ്വന്നൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തന്റെ ചിത്രം അശ്ലീലരൂപത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി സുഹൃത്തിൽ നിന്നാണ് യുവതി ആദ്യം അറിയുന്നത്. തുടർന്ന് സംശയം തോന്നിയ യുവതി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയതായാണ് പരാതിയിൽ പറയുന്നത്.
ഏകദേശം 40 സ്ത്രീകളുടെ ചിത്രങ്ങൾ ഫോണിലുണ്ടായിരുന്നുവെന്നും, അവ ടെലഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പണം വാങ്ങി പ്രചരിപ്പിച്ചിരുന്നുവെന്നുമാണ് ആരോപണം.
സംഭവം അറിഞ്ഞ നാട്ടുകാർ യുവാവിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ കൈവശപ്പെടുത്തുകയും ചെയ്തു. ഫോണിൽ കൂടുതൽ സ്ത്രീകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നതായും നാട്ടുകാർ ആരോപിച്ചു.

















































