റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ നഴ്സായിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനി ലിധിയ തോമസ് (31), റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കടയനിക്കാട് സ്വദേശി ആൽബിൻ തോമസ് (33) എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി ജീവനൊടുക്കിയത്.
ആൽബിൻ തോമസിന്റെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ 7.15ന് റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ആൽബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ലിധിയയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിലാണ് കൊണ്ടുവരിക. വൈകുന്നേരം 6.30ന് നെടുമ്പാശ്ശേരിയിൽ എത്തിക്കും.
നാട്ടിലേക്ക് അവധിക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ മേയ് അഞ്ചിന് ഉണ്ടായ ആത്മഹത്യാ ശ്രമത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ലിധിയ, ശുമൈസി കിങ് സൗദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ മേയ് 20നാണ് മരിച്ചത്. അന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഭാര്യയുടെ ഭൗതികശരീരം ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം, ശുമൈസിയിലെ സ്വന്തം ഫ്ലാറ്റിൽ തിരിച്ചെത്തിയ ആൽബിൻ ഭാര്യ മരിച്ച മനോ വിഷമത്തിൽ അന്നുച്ചയോടെ ജീവനൊടുക്കുകയായിരുന്നു.
അതേസമയം ലിധിയ വർഷങ്ങളായി റിയാദിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ആൽബിൻ സൗദിയിലെത്തിയത്. നാട്ടിൽ ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന ആറ് വയസുകാരി സാറ ആൽബിൻ ഇവരുടെ ഏക മകളാണ്. തോമസ് ജോസഫ്-മിനി തോമസ് ദമ്പതികളുടെ മകനാണ് ആൽബിൻ. തോമസ് മാത്യു-ആൻസി തോമസ് എന്നിവരാണ് ലിധിയയുടെ മാതാപിതാക്കൾ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ മാത്യു ജോസഫ്, നാസർ കല്ലറ, ഷാജഹാൻ താജ് കോൾഡ് സ്റ്റോർ എന്നിവരാണ് നേതൃത്വം നൽകിയത്.





