കൊച്ചി: രാജി വെക്കുന്നെന്നു പറഞ്ഞെങ്കിലും ശ്വേത ഉൾപ്പെടെ ആരും ഔദ്യോഗികമായി രാജി വെച്ചില്ലെന്ന രമേശ് പിഷാരടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരസംഘടനയായ അമ്മയിൽ ഔദ്യോഗിക രാജി. നടന്മാരായ ജയൻ ചേർത്തല, കൈലാഷ് എന്നിവർ രാജിവെച്ചു. സംഘടനയുടെ ഇ-മെയിലിലേക്ക് ഇരുവരും രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയിൽ ഉണ്ടായിരുന്നവരാണ് ഇരുവരും.
അതേസമയം അമ്മയിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോൻ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നാണ് അവർ ഫേസ്ബുക്കിൽ കുറിച്ചത്. താൻ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കി എന്നുമാണ് അവർ ഇന്ന് പറഞ്ഞത്. താൻ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും അവർ വ്യക്തമാക്കി.
അതുപോലെ കമ്മിറ്റി രാജിവയ്ക്കണമെന്ന അജണ്ടയുമായാണ് ചിലർ ജനറൽ ബോഡി യോഗത്തിന് എത്തിയത്. അമ്മയുടെ ബൈലോയിൽ എവിടെയാണ് അഡ്‌ഹോക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂർണ്ണമായും രാജി വെച്ചാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണെന്നും ശ്വേത കുറിപ്പിൽ പറയുന്നു. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് തങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തതെന്നും അവർ ചോദിച്ചു.
അതേസമയം സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുള്ള ആരോപണങ്ങളടക്കം ഉയർന്നതോടെയാണ് സംഘടനയിൽ അതൃപ്തി പുകഞ്ഞത്. പിന്നാലെയായിരുന്നു ശ്വേതയുടെ രാജി പ്രഖ്യാപനം. ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജിയെന്നും അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരിപോലുള്ളവരെ മുന്നിൽ നിർത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തിയെന്നുമായിരുന്നു ശ്വേത മുൻപ് ആരോപിച്ചിരുന്നത്. ഇത് മറികടന്നാണ് ഭൂരിപക്ഷ പിന്തുണയിൽ താൻ ജയിച്ചത്. നിർഭാഗ്യവശാൽ മുൻ കമ്മിറ്റി അംഗങ്ങൾ നടത്തിയ തെറ്റായ കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരം തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ചില നിക്ഷിപ്ത താൽപ്പര്യക്കാർ ഉറപ്പാക്കിയെന്നും ശ്വേത ആരോപിച്ചിരുന്നു.
എന്നാൽ ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജിസമർപ്പിക്കാത്തത് പ്രതിസന്ധിക്ക് കാരണമായിരുന്നു. ഇതോടെയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ച് ചർച്ച ഉയർന്നത്. ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേശ് പിഷാരടി പ്രതികരിച്ചിരുന്നു. അമ്മ ഓഫീസിൽ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേർന്ന ശേഷമായിരുന്നു പ്രതികരണം.

















































