തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. കെസിഎ ഭാരവാഹികൾക്കെതിരെ നടത്തിയ പരാമർശങ്ങളിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകിയതിനെ തുടർന്നാണ് അസോസിയേഷന്റെ നടപടി. കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ തീരുമാനം ഉണ്ടായത്.
കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് സീസണിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ദൃശ്യ മാധ്യമങ്ങളിലൂടെയും കെസിഎയ്ക്ക് അപകീർത്തിയുണ്ടാക്കുന്ന രീതിയിൽ പ്രതികരിച്ചെന്നാരോപിച്ചാണ് ശ്രീശാന്തിനെതിരെ മൂന്ന് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. സഞ്ജു സാംസണെ പിന്തുണച്ച് കെസിഎ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചതാണ് നടപടിക്ക് കാരണമായത്. വിലക്കിനെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു.
തുടർന്നാണ് ശ്രീശാന്ത് ഔദ്യോഗികമായി കെസിഎയ്ക്ക് മാപ്പപേക്ഷ നൽകിയത്. ഇന്നുചേർന്ന കെസിഎ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ മാപ്പപേക്ഷ പരിഗണിച്ച ശേഷം വിലക്ക് പിൻവലിക്കാൻ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. എന്നാൽ ഭാവിയിൽ അസോസിയേഷനെതിരെയോ ക്രിക്കറ്റിന്റെ അച്ചടക്കത്തെ ബാധിക്കുന്ന തരത്തിലോ പരാമർശങ്ങൾ ആവർത്തിച്ചാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെസിഎ മുന്നറിയിപ്പ് നൽകി.
വിലക്ക് നീക്കിയതോടെ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ശ്രീശാന്തിന് വീണ്ടും സജീവമാകാൻ അവസരമൊരുങ്ങി. ലീഗിലെ ‘ഏരീസ് കൊല്ലം സെയിലേഴ്സ്’ ടീമിന്റെ സഹഉടമ എന്ന നിലയിലും ഇനി തുടർന്നുപ്രവർത്തിക്കാൻ താരത്തിന് തടസ്സമുണ്ടാകില്ല. വിലക്ക് നിലനിന്നിരുന്നെങ്കിൽ കെസിഎയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകളിൽ നിന്ന് ശ്രീശാന്ത് വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടാകുമായിരുന്നു.

















































