രണ്ടുമാസം മുമ്പ് രാജിക്കത്ത് കൊടുത്തിരുന്നു, അന്ന് രാജിവെയ്ക്കരുത്, മാധ്യമ വാർത്തയാകുമെന്ന് പ്രസിഡന്റ് പറഞ്ഞു… അമ്മയിലുള്ള ഭൂരിപക്ഷവും മണ്ടന്മാർ, അതിന്റെ ആകെ തുകയാണ് ഇപ്പോൾ അനുഭവിക്കുന്നത്- ജോയ് മാത്യു
കോഴിക്കോട്: താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി നടൻ ജോയ് മാത്യു. പിടിപ്പുകേട്, വിവരം ഇല്ലായ്മ, പരസ്പരം പഴിചാരൽ, പോലീസ് കേസ് ഒക്കെയായി സഹിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. സംഘടനയുടെ പ്രതിച്ഛായ തന്നെ തകർന്നുവെന്നും ജോയ് മാത്യു പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പ്രതികരണം. തീരുമാനം എടുക്കാൻ കഴിവില്ലാത്ത സംഘത്തോടൊപ്പം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
അതേസമയം താൻ രണ്ടുമാസം മുമ്പ് രാജിക്കത്ത് കൊടുത്തിരുന്നുവെന്നും ജോയ് മാത്യു വെളിപ്പെടുത്തി. എന്നാൽ അന്ന് രാജിവെയ്ക്കരുതെന്നും മാധ്യമ വാർത്തയാകുമെന്നും പ്രസിഡന്റ് പറഞ്ഞു. താൻ കാരണം ഒരു പ്രശ്‌നം വേണ്ടെന്ന് കരുതി രാജിയുമായി മുന്നോട്ടുപോയില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ താൻ ന്യൂനപക്ഷമാണ്. തന്നെ പിന്തുണയ്ക്കുന്ന രണ്ടോ മൂന്നോ പേരെയുള്ളൂ. വിവരമുള്ള മുതിർന്ന അംഗങ്ങളുണ്ട്. ഭൂരിപക്ഷം മണ്ടന്മാരും അവരുടെ അഭിപ്രായത്തെ അംഗീകരിക്കില്ല. മണ്ടത്തരങ്ങളുടെ ആകെ തുകയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും ജോയ് മാത്യൂ തുറന്നടിച്ചു.
അതുപോലെ അഡ്‌ഹോക് കമ്മിറ്റിയെ ആരാണ് തെരഞ്ഞെടുത്തതെന്നും ജോയ് മാത്യു ചോദിച്ചു. നിലവിൽ ശ്വേത തന്നെയാണ് അമ്മ സംഘടനയുടെ പ്രസിഡന്റ്. വൈകാരിക പ്രതികരണങ്ങൾ ഡോക്യുമെന്റഡ് അല്ല. ഔദ്യോഗികമായി ശ്വേത രാജി പ്രഖ്യാപിച്ചിട്ടില്ല. അഡ്‌ഹോക് കമ്മിറ്റിക്ക് അസ്ഥിത്വമില്ല. നാല് ആൾ വന്ന് തങ്ങളാണ് അഡ്‌ഹോക് കമ്മിറ്റിയെന്ന് പറഞ്ഞാൽ എങ്ങനെയാണ്. മോഹൻലാൽ പ്രസിഡന്റായിരുന്നപ്പോൾ എതിർത്തുപറയേണ്ട ആവശ്യം പോലും വന്നിട്ടില്ല. കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളവരാണ്. തിലകന്റെ കാര്യത്തിലുൾപ്പെടെ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും സംഘടനയുടെ മറ്റുകാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കേണ്ട സാഹചര്യം വന്നിട്ടില്ല. അതുപോലെ തിരുത്താൻ ശ്രമം നടക്കണം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 17പേരും തമ്മിൽ ഐക്യം വേണം എന്നും ജോയ് മാത്യു പറഞ്ഞു.
അതേസമയം ഇന്നലെയാണ് ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെച്ചത്. സംഘടനയുടെ ഇ- മെയിലിലേക്ക് ഇവർ രാജിസന്ദേശം അയക്കുകയായിരുന്നു.

















































