ചെന്നൈ: ദിവസങ്ങളായി ശക്തമായിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടു. അണ്ണാമലൈയുടെ രാജി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അംഗീകരിച്ചതായി പാർട്ടി നേതൃത്വം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ അണ്ണാമലൈ മാധ്യമങ്ങളെ കാണുകയും തന്റെ ഭാവി രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയും ചെയ്യുമെന്നാണ് സൂചന.
രാജിക്ക് പിന്നാലെ അണ്ണാമലൈയുടെ അടുത്ത നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിരിക്കുകയാണ്. തിങ്കളാഴ്ച ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
അതേസമയം, തന്റെ ഭാവി പദ്ധതികളെക്കുറിച്ച് അണ്ണാമലൈ ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അനുയായികളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. “മനസുതുറന്ന സംവാദം” ആയിരിക്കും അതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ബിജെപിയിൽ നിന്ന് പിന്മാറിയ ശേഷം പുതിയ സന്നദ്ധസംഘടന രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് അണ്ണാമലൈ നടത്താൻ സാധ്യതയെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്. സാമൂഹിക ഇടപെടലുകൾക്ക് പ്രാധാന്യം നൽകുന്ന പുതിയ സംരംഭത്തിന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ പിന്തുണ ലഭിക്കുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
സന്നദ്ധസംഘടനയായി പ്രവർത്തനം ആരംഭിച്ച് പിന്നീട് അതിനെ രാഷ്ട്രീയ പ്രസ്ഥാനമായോ പാർട്ടിയായോ വികസിപ്പിക്കാനുള്ള ആലോചന അണ്ണാമലൈക്കുണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി തന്റെ നിലപാട് അറിയിച്ചതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
തമിഴ്നാട് രാഷ്ട്രീയത്തിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അണ്ണാമലൈയുടെ രാജിയും തുടർനീക്കങ്ങളും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനായി രാഷ്ട്രീയ കേരളവും തമിഴ്നാടും ഒരുപോലെ കാത്തിരിക്കുകയാണ്.


















































