ഛത്തർപൂർ: മധ്യപ്രദേശിലെ ഛത്തർപൂരിൽ കുടുംബ തർക്കത്തിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ പോലീസിൽ കീഴടങ്ങി. മദ്യലഹരിയിൽ മകനെ ഉപദ്രവിച്ച ഭർത്താവിനെ വടി ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. നീലാം കുഷ്വാഹ എന്ന യുവതിയാണ് ഭർത്താവായ ദീന്ദയാൽ കുഷ്വാഹയെ കൊലപ്പെടുത്തിയതായി പോലീസിനോട് സമ്മതിച്ചത്. കഴിഞ്ഞ നാല് വർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും നീലം തന്റെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു.
ജൂൺ ഒന്നിന് മദ്യലഹരിയിൽ ദീന്ദയാൽ ഭാര്യയുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാതിൽ ബലമായി തുറന്ന് വീട്ടിൽ കയറിയ ഇയാൾ മകനെ കാലിൽ പിടിച്ച് തലകീഴായി തൂക്കിയെന്നാണ് നീലത്തിന്റെ ആരോപണം. മകന്റെ ജീവൻ അപകടത്തിലാകുമെന്ന ഭയത്തിൽ, സമീപത്തുണ്ടായിരുന്ന വടി എടുത്ത് നീലം ഭർത്താവിനെ ആക്രമിക്കുകയായിരുന്നു.
ആദ്യ പ്രഹരത്തിൽ തന്നെ ദീന്ദയാൽ കട്ടിലിലേക്ക് വീണു. തുടർന്ന് നിയന്ത്രണം വിട്ട നീലം തുടർച്ചയായി അടിച്ചതോടെ ഗുരുതരമായി പരുക്കേറ്റ ദീന്ദയാൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് ശേഷം നീലം ഏകദേശം എട്ട് മണിക്കൂർ ഭർത്താവിന്റെ മൃതദേഹത്തിനരികിൽ ഇരുന്നിരുന്നു. പിന്നീട് സമീപത്തെ ക്ഷേത്രത്തിൽ പോയി ദൈവത്തോട് ക്ഷമ ചോദിച്ച ശേഷം വൈകിട്ട് എട്ട് മണിയോടെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ എത്തി സംഭവവിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കട്ടിലിൽ കിടന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കുടുംബാതിക്രമം, പീഡനം തുടങ്ങിയ ആരോപണങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.



















































