കൊച്ചി: നടുറോഡിലെ അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്തതിനു പെൺകുട്ടികളെ ക്രൂരമായ മർദിച്ച സംഘത്തിലെ ഒന്നാം പ്രതി അക്ബർ അലി പി. (29) കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായത് ഹൈടെക് പെൺവാണിഭ കേന്ദ്രം നടത്തിപ്പിന്റെ പേരിൽ. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ യുവതികളെ എത്തിച്ചായിരുന്നു അക്ബറിന്റെയും കൂട്ടരുടേയും പ്രവർത്തനം. കഴിഞ്ഞ ജൂലെെയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ അസം, ബംഗാൾ സ്വദേശികളായ 6 യുവതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അന്നു പിടിയിലായ പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി പെരുമണ്ണിൽ വീട്ടിൽ അക്ബർ അലി പി. (29) ആയിരുന്നു പെൺവാണിഭ സംഘത്തിന്റെ തലവനെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അക്ബറിന്റെ നാട്ടുകാർ തന്നെയായ മൻസൂർ അലി.എ (31), ഷെഫീഖ് പി.പി (27) എന്നിവരും അന്ന് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. എസ്കോർട്ട് സർവീസിനു സ്ത്രീകളേയും പുരുഷന്മാരേയും നൽകുന്ന ആപ്പിലൂടെയായിരുന്നു അക്ബറും കൂട്ടാളികളും ഇടപാടുകൾ നടത്തിയിരുന്നത്. ഷെഫീഖിന്റെ പേരിൽ ഈ ആപ്പിലുള്ള അക്കൗണ്ട് വഴിയായിരുന്നു ആവശ്യക്കാർ ബന്ധപ്പെടുക. തുടർന്ന് എത്തേണ്ട സ്ഥലത്തിന്റെ വിവരം ഷെഫീഖ് അറിയിക്കും. ഇവിടെ എത്തുന്ന ഇടപാടുകാർ 3,000 രൂപയാണ് ലൈംഗികാവശ്യത്തിനായി നൽകേണ്ടത്.
ഇത് നൽകേണ്ടതാകട്ടെ പെൺവാണിഭ കേന്ദ്രത്തിൽ അക്ബർ അലിയുടെ പേരിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് വഴിയും. ഇതിനു ശേഷം സ്ഥലത്തുള്ള യുവതികളിൽ നിന്ന് ഇഷ്ടമുള്ളവരെ ആവശ്യക്കാർക്ക് തെരഞ്ഞെടുക്കാം, ഇതായിരുന്നു പ്രതികളുടെ രീതി. ഇതിൽ 1000–1500 രൂപയാണ് ഓരോ ഇടപാടിനും യുവതികൾക്ക് നൽകുന്നത്. 750 രൂപ ഷെഫീഖ് ആണോ മൻസൂർ ആണോ ഇടപാടുകാരെ കൊണ്ടുവരുന്നത്, അവർക്കുള്ള കമ്മിഷനാണ്. ബാക്കി തുകയാണ് അക്ബർ അലിയുടെ അക്കൗണ്ടിലേക്ക് എത്തുക.
മുൻപ് ഇടപ്പള്ളിയിൽ ഒരു അനാശ്യാസ കേന്ദ്രം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എളമക്കര പോലീസായിരുന്നു ആദ്യം അന്വേഷണം ആരംഭിച്ചത്. ഇവിടെ എത്തിയെങ്കിലും പെൺകുട്ടികളെ കണ്ടെത്താനായില്ല. എന്നാൽ ഇവിടെയുണ്ടായിരുന്ന അക്ബറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കടവന്ത്ര പോലീസിന് ഒരു പെൺവാണിഭ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. അതേസമയം കലൂരിൽ പെൺകുട്ടികളെ മർദിച്ച ശേഷം ഒളിവിൽ പോയ അക്ബറിനേയും മറ്റ് പ്രതികളേയും ഇതുവരെ പിടികൂടിയിട്ടില്ല.



















































