കോഴിക്കോട്: ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ മര്‍ദിച്ച് യുവതി. പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകാനായി ജനറൽ ടിക്കറ്റെടുത്ത യുവതി, ട്രെയിനിലെ S5 റിസർവ്ഡ് കോച്ചിലാണ് കയറിയത്. ടിക്കറ്റ് പരിശോധനയ്ക്കിടെ ജനറൽ കോച്ചിലേക്ക് മാറി കയറാൻ ടിടിഇ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടാവുകയും, യുവതി ടിടിഇയെ മർദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മർദനത്തിൽ പരിക്കേറ്റ ടിടിഇ സുജിത്ത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് ആരോപിച്ച് യുവതിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതികളിന്മേലും ഷൊർണൂർ റെയിൽവേ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

















































