മലപ്പുറം: റവന്യൂ മന്ത്രി എ.പി അനില്‍ കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് വണ്ടൂര്‍ മണ്ഡലം മുസ്‌ലിം കമ്മറ്റി. വണ്ടൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗത്തില്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാക്കള്‍ രംഗത്തെത്തി. അനില്‍ കുമാറിനെ വിജയിപ്പിക്കാന്‍ അഹോരാത്രം പണിയെടുത്തത് മുസ്‌ലിം ലീഗാണെന്നും എന്നാല്‍ മന്ത്രിയായതോടെ ലീഗിനെ അവഗണിക്കുന്നുവെന്നുമാണ് വിമര്‍ശനം. മണ്ഡലത്തിലെ എട്ട് പഞ്ചായത്തില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള എ.പി അനില്‍ കുമാറും തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിയായതിന് ശേഷമുള്ള എ.പി അനില്‍ കുമാറും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ടെന്നാണ് ആക്ഷേപം.
മന്ത്രിയായതിന് ശേഷം ഒരു തരത്തിലും പരിഗണന നല്‍കുന്നില്ലെന്നും വിമര്‍ശനമുണ്ട്. നേരത്തെ നല്‍കിയ വാക്കുകള്‍ ഒന്നും തന്നെ പാലിക്കാതെയാണ് മന്ത്രി മുന്നോട്ട് പോകുന്നതെന്നും ലീഗ് നേതാക്കള്‍ പറയുന്നു. തിരുവാലി പഞ്ചായത്തിലെ പ്രതിനിധികളാണ് മന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ സംസാരിച്ചത്. തിരുവാലിയിലെ പ്രസിഡന്റ് സ്ഥാനം ഒരു വര്‍ഷത്തേക്കായി ലീഗിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 30ന് തീരുമാനമെടുക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒന്നും തന്നെ മന്ത്രി പ്രതികരിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്.
തിരുവാലി പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ പിന്തുണ നിര്‍ണായകമായ ഘടകമാണ്. ലീഗില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അഞ്ച് വീതം പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മീഷന്‍ രൂപീകരിക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിലും മന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

















































