വെള്ളരിക്കുണ്ട്: യുക്രൈൻ കപ്പലിനു നേരെ- റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയൻ റോപ്പ് പുള്ളപ്പിൽ വേൾഡ് റെക്കോർഡ് ഉടമ. വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കൽ അഖിൽ ജോയൻ (26 ) ആണ് റഷ്യൻ ആക്രമണത്തിൽ മരിച്ചത്. വെള്ളരിക്കുണ്ടിലെ ജോയൻ- സാലി ദമ്പതികളുടെ ഏകമകനാണ്. ലീവിന് നാട്ടിൽ വന്ന് വിവാഹം ഉറപ്പിച്ച് ഒരു മാസം മുൻപ് ആണ് അഖിൽ തിരിച്ചു പോയത്.
അതേസമയം ഇന്നലെ ഉച്ചയോടെയാണ് ജോലി സ്ഥലത്ത് നിന്നും അഖിൽ മരണപ്പെട്ട വിവരം വീട്ടുകാർക്ക് ഇമെയിൽ സന്ദേശം ലഭിച്ചത്. യുക്രെയ്നിൽ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിലാണ് അഖിൽ ജോയൻ അടക്കം 10 പേർ കൊല്ലപ്പെട്ടത്. ഗിനിയ- ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായതെന്നു യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഈ കപ്പലിൽ 17 ഇന്ത്യൻ- സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്.
‘ഗോൾഡൻ ലിയോ’ എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന അറിയിച്ചു. ഇതിന് പുറമേ യുക്രെയ്ൻ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു.
തൻ്റെ പത്തൊമ്പതാം വയസിൽ ഷിപ്പിൽ ജോലിക്ക് ചേർന്ന ജോയൽ മികച്ച വടംവലി താരവും റോപ്പ് പുള്ളപ്പിൽ വേൾഡ് റെക്കോർഡ് ഉടമയുമാണ്. അതേസമയം അഖിലിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്തിവരികയാണ് ബന്ധുക്കൾ.

















































