ന്യൂഡൽഹി: പാക്കിസ്ഥാനിലെ കലഹഭൂമിയായ ബലൂചിസ്ഥാനിൽ സൈനികരെ കൊണ്ടുപോകുന്ന ട്രെയിനിനെ ലക്ഷ്യമിട്ട് നടന്ന ശക്തമായ ബോംബ് സ്ഫോടനം. ആക്രമണത്തിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. സംസ്ഥാന തലസ്ഥാനമായ ക്വെറ്റയ്ക്ക് സമീപമുള്ള ചമാൻ പട്ടക് പ്രദേശത്ത് സിഗ്നൽ കടന്നുപോകുന്നതിനിടെ സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ ട്രെയിൻ കോച്ചിലിടിച്ചുകയറി വലിയ പൊട്ടിത്തെറി ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈദ് ആഘോഷങ്ങൾക്കായി പേഷവാറിലേക്കു യാത്ര ചെയ്തിരുന്ന സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെട്ടു. സ്ഫോടനത്തിന്റെ ആഘാതത്തിൽ രണ്ട് ട്രെയിൻ കോച്ചുകൾ പാളം തെറ്റി മറിഞ്ഞതോടൊപ്പം തീപിടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് രക്തത്തിൽ കുതിർന്ന പരുക്കേറ്റവരെ സ്ട്രെച്ചറുകളിൽ മാറ്റുന്നതിനിടെ സുരക്ഷാസേന ശക്തമായ കാവൽ ഏർപ്പെടുത്തി.
ട്രെയിൻ പാളങ്ങളിൽ നിന്ന് 25 മുതൽ 30 മീറ്റർ വരെ അകലത്തിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ ബഹുനില കെട്ടിടത്തിനും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ജനാലകൾ തകർന്നും മതിലുകൾ ഇടിഞ്ഞുമാണ് പ്രദേശമിപ്പോഴുള്ളത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തു. അവരുടെ ‘മജീദ് ബ്രിഗേഡ്’ എന്ന ആത്മാഹുതി വിഭാഗം നടത്തിയ ആസൂത്രിതമായ ആക്രമണമാണിതെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങളും ആക്രമണത്തിൽ ഉണ്ടായ മനുഷ്യ- വസ്തു നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും പിന്നീട് പുറത്തുവിടുമെന്നും അവർ വ്യക്തമാക്കി.
അതേസമയം സുരക്ഷാസേന സ്ഥിരമായി വിന്യസിക്കപ്പെടുന്ന മേഖലയിലാണ് സംഭവം നടന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇറാനും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ ദശാബ്ദങ്ങളായി തുടരുന്ന വേർപിരിയൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ആക്രമണങ്ങൾ പതിവാകുന്നത്. പ്രകൃതി വിഭവങ്ങളിൽ കൂടുതൽ അവകാശവും സ്വയംഭരണവും ആവശ്യപ്പെട്ട് ബലൂച് വിഭാഗങ്ങൾ നടത്തുന്ന സമരമാണ് ഇതിന് പിന്നിൽ. വർഷങ്ങളായി ബിഎൽഎ പോലുള്ള സംഘടനകൾ സുരക്ഷാസേനയെയും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും, പ്രത്യേകിച്ച് ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതികളെയും ലക്ഷ്യമാക്കി ആക്രമണങ്ങൾ തുടരുകയാണ്.















































