വിജയവാഡ: ആന്ധ്രാപ്രദേശില്‍ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കുമെന്ന മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍.
സംസ്ഥാനത്തിലെ ജനനനിരക്ക് കുറയുന്നതിനെ മറികടക്കാനുള്ള ശ്രമമായി മുന്നോട്ടുവച്ച ഈ നിര്‍ദേശം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാനത്തെ ജനസംഖ്യാ കുറവ് പരിഹരിക്കുക ലക്ഷ്യമിട്ട് മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയും നല്‍കുമെന്നാണ് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്.
ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ശക്തമായി അപലപിച്ചു. സംസ്ഥാനത്തിലെ ജനനനിരക്ക് കുറയുന്നതിനെ മറികടക്കാനുള്ള ശ്രമമായി മുന്നോട്ടുവച്ച ഈ നിര്‍ദേശം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണ്.
സ്ത്രീകള്‍ ഇപ്പോഴും ഭക്ഷ്യസുരക്ഷയില്ലായ്മ, വിളര്‍ച്ച,ശുദ്ധജലലഭ്യതയുടെ അഭാവം എന്നിവ മൂലം കഷ്ടപ്പെടുകയാണെന്ന യാഥാര്‍ഥ്യത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് നായിഡുവിന്റെ ഈ പ്രസ്താവന. സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തിക സുരക്ഷ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടത്.
അതിനു പകരം സ്ത്രീകളുടെ ശരീരത്തെ ജനസംഖ്യ വര്‍ധനവിന്റെ ഉപകരണമായി കാണുന്ന സമീപനം അംഗീകരിക്കാനാവില്ല. ഈ നിര്‍ദേശം സ്ത്രീകളുടെ ശരീരത്തിനു മുകളിലുള്ള അവരുടെ സ്വയംനിര്‍ണയാവകാശം കവര്‍ന്നെടുക്കുന്നതും ജനസംഖ്യാ വര്‍ധനവിനുള്ള ഉപകരണങ്ങളായി മാത്രം അവരെ കാണുന്നതുമാണ്. മാതൃമരണങ്ങള്‍, പോഷകാഹാരക്കുറവ്, ആരോഗ്യപരിചരണ ലഭ്യതയിലെ അസമത്വങ്ങള്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളെ ഇത് പൂര്‍ണമായും നിരാകരിക്കുന്നു.
തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ കനത്ത രീതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം ദരിദ്ര ജനവിഭാഗങ്ങള്‍ക്കെതിരായതും സാമൂഹ്യവിരുദ്ധവുമാണ്. അടിസ്ഥാന സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയുള്ള ഇത്തരം പ്രഖ്യാപനങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ്. പ്രസവത്തെ സാമ്പത്തികവല്‍ക്കരിക്കുന്നതിലൂടെ സ്ത്രീകളുടെ ശരീരത്തിന്മേലുള്ള പുരുഷമേധാവിത്വ സമൂഹത്തിന്റെ നിയന്ത്രണം കൂടുതല്‍ ശക്തിപ്പെടുകയും സ്വന്തം ശരീരത്തിനു മേലുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രത്യുല്‍പാദന അവകാശങ്ങള്‍ക്ക് വേണ്ടിയും പതിറ്റാണ്ടുകളായി നടത്തിയ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.















































