നടി അൻസിബ ഹസനെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയ ആ വനിതാ എക്സിക്യൂട്ടീവ് അംഗം താനാണെന്ന് വെളിപ്പെടുത്തി നടിയും അമ്മ സംഘടന വൈസ്പ്രസിഡന്റുമായ ലക്ഷ്മി പ്രിയ.
‘ഇക്കഴിഞ്ഞ ഡിസംബർ പത്താംതീയ്യതി അൻസിബ എന്റെ ഫോണിലേയ്ക്ക് ഒരു മെസേജ് അയച്ചു. ഈ മെസേജിൽ ഇതെന്താണ് പറഞ്ഞിരിക്കുന്നതെന്നും ഇങ്ങനെയൊരു മെസേജ് അയയ്ക്കാനുണ്ടായ സാഹചര്യം എന്താണെന്നും ഞാൻ ചോദിച്ചപ്പോൾ ഞാൻ വിളിക്കാം, വർക്കിലാണെന്ന് അൻസിബ മറുപടി പറഞ്ഞു. എന്നാൽ ആ മെസേജ് അയയ്ക്കാനുണ്ടായ കാരണം അൻസിബ പറഞ്ഞില്ല. അതിനിടെ എന്റെ ഭർത്താവ് അൻസിബ അയച്ച ആ മെസേജ് കാണുകയും അദ്ദേഹം പാനിക്കാവുകയും ചെയ്തു. അതേതുടർന്ന് എന്റെ കുടുംബജീവിതം മോശമാകുന്ന ഒരു ഘട്ടമെത്തുന്നുവെന്നു വന്നപ്പോളാണ് ഹിൽപാലസ് വനിതാസെല്ലിൽ ജനുവരി പകുതിയോടെ അൻസിബയ്ക്കെതിരെ ഞാൻ പരാതി കൊടുത്തത്‘. ലക്ഷ്മി പ്രിയ പറയുന്നു. അതേസമയം, അൻസിബ അയച്ച മെസേജ് എന്തെന്ന് ലക്ഷ്മി പ്രിയ വ്യക്തമാക്കിയിട്ടില്ല. അമ്മയിലെ താരങ്ങൾ ഒത്തുചേർന്ന് നടത്തിയ പരിപാടിയ്ക്ക് ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് നടന്ന അഭിപ്രായ ഭിന്നതയാണോ നിലവിലെ വിഷയങ്ങൾക്ക് കാരണമായതെന്ന തരത്തിലുള്ള പ്രചരണങ്ങളുമുണ്ടാവുന്നുണ്ട്.
താൻ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചതിനു പിന്നിൽ ടിനിടോമും ഏതാനും സഹപ്രവർത്തരുമാണെന്ന് അൻസിബ ഹസൻ കടുത്ത ആരോപണങ്ങള്അ പരസ്യമായി ഉയർത്തിയതോടെയാണ് അമ്മയിലെ ഭിന്നിപ്പ് ചർച്ചാവിഷയമായത്. ഒരു വനിതാ എക്സിക്യൂട്ടീവ് അംഗം നൽകിയ വ്യാജ പരാതിയെത്തുടർന്ന് പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്നും ആ ആഘാതത്തിൽ നിന്നും താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്നും അൻസിബ വെളിപ്പെടുത്തുകയുണ്ടായി. അതിനുള്ള മറുപടിയുമായാണ് ഇപ്പോൾ ലക്ഷ്മി പ്രിയ രംഗത്തെത്തിയിരിക്കുന്നത്.
















































