ചെന്നൈ: കോയമ്പത്തൂരിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയടക്കം രണ്ട് പേർ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി കാർത്തിക്, സുഹൃത്ത് മോഹൻരാജ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച പലചരക്ക് സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവികൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം സുലൂരിൽ ഒരു കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
‘വീടിന് സമീപത്തുളള സിസിടിവികൾ പരിശോധിച്ചപ്പോൾ കുട്ടി അയൽവാസിയായ കാർത്തിക്കിനൊപ്പം പോകുന്നതായി കണ്ടെത്തി. കുട്ടിയെ ആളൊഴിഞ്ഞ കുളത്തിനടുത്തുവെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഹൻ എന്നയാൾ മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ചതായി കണ്ടെത്തി. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്ന് വെസ്റ്റ് റീജിയണൽ ഇൻസ്‌പെക്ടർ ജനറൽ രമ്യ ഭാരതി പറഞ്ഞു.
സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നീതി ആവശ്യപ്പെട്ട് സുലൂർ പോലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തി. തന്റെ മകൾക്ക് നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പുലഭിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം നിലപാടെടുക്കുകയായിരുന്നു. തുടർന്ന് പ്രതികരണവുമായി വിജയ് രംഗത്തെത്തി. ഞെട്ടലും അത്യധികം വേദനയുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും ഇത്തരം സംഭവങ്ങൾ ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്നും വിജയ് പറഞ്ഞു.
‘കോയമ്പത്തൂരിൽ പത്തുവയസുകാരിക്ക് സംഭവിച്ചത് ദാരുണവും അത്യന്തം വേദനാജനകവും ഞെട്ടലുമുളവാക്കുന്നതുമാണ്. ഇത്തരം മനുഷ്യത്വരഹിതവും മാപ്പർഹിക്കാത്തതുമായ കുറ്റകൃത്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ല. കുഞ്ഞിന്റെ വേർപാടിൽ ദുഃഖിതരായ കുടുംബത്തിനൊപ്പമാണ് ഞാൻ. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉടൻ കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഇത്തരം ക്രൂരത ചെയ്യുന്നവർക്ക് നിയമപ്രകാരം ലഭിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. അതിനായി വേണ്ട എല്ലാ നടപടികളും സ്വീകരിക്കും’- വിജയ് എക്‌സിൽ കുറിച്ചു.



















































