വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്ത് രഹസ്യാന്വേഷണ ഏജൻസി ഏജന്റുമാർക്ക് നേരെ ശനിയാഴ്ച വൈകുന്നേരം വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ട്. യു.എസ്. മാധ്യമങ്ങളുടെ വിവരങ്ങൾ പ്രകാരം, വൈറ്റ് ഹൗസ് കോംപ്ലക്സിന് പുറത്തുള്ള 17-ാം സ്ട്രീറ്റും പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റും ചേരുന്ന ഭാഗത്താണ് സംഭവം നടന്നത്.
വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പ്രതി 21 വയസ്സുള്ള നസീർ ബെസ്റ്റ് എന്നയാളാണെന്ന് തിരിട്ടറിഞ്ഞിട്ടുണ്ട്. ഗുരുതര പരിക്കേറ്റ അക്രമിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ മരണപ്പെട്ടുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾ ഇതിനുമുമ്പ് വൈറ്റ് ഹൗസിൽ പ്രവേശിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. 2025 ജൂലൈയിലായിരുന്നു ആ സംഭവം. അന്ന് പ്രതിയെ യുഎസ് സീക്രട്ട് സർവീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും തുടർന്ന് മാനസികാരോഗ്യ പ്രശ്നങ്ങൾക്കായി ഒരു മാനസികരോഗ വാർഡിലേക്ക് അയച്ചതായും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച നടന്ന വെടിയ്പ്പ് സമയത്ത് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. പ്രസിഡന്റിന് യാതൊരു അപകടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി.
എബിസി ന്യൂസ് റിപ്പോർട്ടർ സെലീന വാങ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ നിന്ന് റിപ്പോർട്ടിങ് നടത്തുന്നതിനിടെ നിരവധി വെടിയൊച്ചകൾ കേട്ടതായി വ്യക്തമാക്കി.
സംഭവസ്ഥലത്തെത്തി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ സംഘം അന്വേഷണം ആരംഭിക്കുകയും സീക്രട്ട് സർവീസിന് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തതായി എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.
പ്രദേശത്തെ സുരക്ഷാ സാഹചര്യം നിയന്ത്രണവിധേയമായതിനെ തുടർന്ന് വൈറ്റ് ഹൗസിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിന്നീട് പിൻവലിച്ചു. ഒരു മാസം മുൻപ് വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയും സമാനമായ വെടിവയ്പ്പാക്രമണം സംഭവിച്ചിരുന്നു.


















































