മലപ്പുറം ∙ പെരിന്തൽമണ്ണ ടൗണിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. എസ്‌ഐയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.സംഭവത്തിൽ രണ്ട് ഛത്തീസ്ഗഡ് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റോഡരികിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം നടക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ പൊലീസെത്തിയിട്ടും ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിച്ചില്ല. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഥിതി കൂടുതൽ സംഘർഷഭരിതമായത്.
പൊലീസിനോട് ഇരുവരും അസഭ്യം പറയുകയും പിന്നാലെ തള്ളിക്കയറി ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഛത്തീസ്ഗഡ് സ്വദേശികളായ അലീഷ് തോപ്പർ, അങ്കിത് എന്നിവരെ പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. ഇരുവരും ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനിടെ പെരിന്തൽമണ്ണ സ്റ്റേഷനിലെ എസ്‌ഐ അൻവറിനാണ് പരിക്കേറ്റത്.



















































