തിരുവനന്തപുരം: തനിക്കെതിരെ വ്യാജവാർത്തകളും അപകീർത്തികരമായ പ്രചാരണങ്ങളും നടത്തുകയാണെന്ന് ആരോപിച്ച് ജനം ടിവിക്കെതിരെയും ചില യൂട്യൂബ് ചാനലുകൾക്കെതിരെയും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, നിയമസഭാ സ്പീക്കർ എന്നിവർക്കു പരാതി നൽകിയതായി സിപിഎം നേതാവ് പി.കെ. ശ്രീമതി അറിയിച്ചു. വാർത്താസമ്മേളനത്തിനിടെ വികാരാധീനയായ ശ്രീമതി കണ്ണീരോടെയാണ് പ്രതികരിച്ചത്.
പി.കെ. ശശിക്കെതിരായ പീഡനാരോപണവുമായി ബന്ധപ്പെട്ട് താൻ ഒരിക്കലും “തീവ്രത” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും, അതിനെ അടിസ്ഥാനമാക്കി വർഷങ്ങളായി തെറ്റായ പ്രചാരണം നടക്കുകയാണെന്നും അവർ പറഞ്ഞു. താൻ ഒരു മുൻ എംഎൽഎയുടെ ഭാര്യയാണെന്നും കുടുംബപെൻഷൻ വാങ്ങുന്നുവെന്നുമുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് അവർ വ്യക്തമാക്കി.
പാലക്കാടോ തൃശ്ശൂരോ അങ്ങനെ ഒരു എംഎൽഎ ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ചെന്നും, പ്രചാരണങ്ങളിൽ പറയുന്ന “കൃഷ്ണൻ” എന്ന വ്യക്തിയെ തനിക്ക് അറിയില്ലെന്നും ശ്രീമതി പറഞ്ഞു. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന വ്യക്തിയായി തന്നെ ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ കാണുന്ന യൂട്യൂബ് ചാനലുകളിലൂടെ വളരെ മോശമായ രീതിയിലാണ് അപകീർത്തിപ്പെടുത്തുന്നതെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരും ഇക്കാര്യത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ തയ്യാറായില്ലെന്നും അതിനാലാണ് പൊതുവേദിയിൽ പ്രതികരിക്കാൻ തീരുമാനിച്ചതെന്നും ശ്രീമതി പറഞ്ഞു. സംഭവത്തിൽ മാനനഷ്ടക്കേസ് നൽകുമെന്നും അവർ അറിയിച്ചു.
തന്റെ ഭർത്താവ് അധ്യാപകനായിരുന്നുവെന്നും അദ്ദേഹംഅന്തരിച്ചുവെന്നും ശ്രീമതി പറഞ്ഞു. താനും 45-ാം വയസ്സുവരെ അധ്യാപികയായി ജോലി ചെയ്തിരുന്നുവെന്നും ആറാം ക്ലാസിലും ഏഴാം ക്ലാസിലും കണക്കും ശാസ്ത്രവും പഠിപ്പിച്ചിരുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു. അധ്യാപികയല്ലെന്ന പ്രചാരണം തനിക്ക് വലിയ പ്രശ്നമല്ലെങ്കിലും നിലവിൽ പ്രചരിക്കുന്ന ആരോപണങ്ങൾ അതിരുവിട്ടതിനാലാണ് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.



















































