കൊച്ചി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാലിനെ പ്രസ്താവനയ്ക്ക് പിന്നാലെ സംവിധായകൻ മേജർ രവി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിക്കുകയാണ് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ചില്ലറ ഉളുപ്പില്ലായ്മയും വിവരക്കേടുമൊന്നുമല്ല മേജർ രവി പറഞ്ഞുവയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിസ്മയയുടെ രാഷ്ട്രീയം വിശദീകരിക്കാൻ വന്ന മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’ ആണെന്ന് ബോധ്യപ്പെടുത്തി. അയാളെ ആരാണ് വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ചുമതലപ്പെടുത്തിയത്? -മേജർ രവി പറഞ്ഞ മണ്ടത്തരങ്ങൾ എണ്ണിപ്പറഞ്ഞ് ജിന്റോ ചോദിച്ചു. ‘ജനിച്ച കാലം തൊട്ട് കാണുന്ന പെൺകുട്ടിയാണ് മായ. ആ കുട്ടിയുടെ സ്വഭാവം എന്താണെന്ന് എനിക്കറിയാം. ആ കുട്ടിക്ക് രാഷ്ട്രീയപരമായ ഒരു അറിവും ഇല്ല. മനുഷ്യത്വമുള്ള, ഒരു തെരുവ് പട്ടിയെ കണ്ടാൽ അതിനെ രക്ഷിക്കൂ, എടുത്തുകൊണ്ട് വരൂ എന്നുപറഞ്ഞ് പിന്നാലെ കരഞ്ഞുകൊണ്ട് നടക്കുന്ന മായയെ ഞാൻ കണ്ടിട്ടുണ്ട്.
വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ല. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടത്’ -എന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ.


















































