ആലപ്പുഴ: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി മുൻ നേതാവ് ജി. സുധാകരൻ. നേതാക്കൾക്ക് ആത്മാർഥതയില്ലെന്നും ജനങ്ങളിൽനിന്ന് അകന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 63 വർഷം പാർട്ടിക്കായി സേവനംചെയ്തു. അത്തരത്തിലുള്ള സേവനം നടത്താൻ പറ്റാത്ത അന്തരീക്ഷമാണ് നിലവിൽ പാർട്ടിയിലുള്ളത്. സാധാരണ കഷായംകൊണ്ട് നന്നാവുന്നതല്ല സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു. കാൽനൂറ്റാണ്ട് മുൻപ് മരിച്ചുപോയ തന്റെ പിതാവിനെപ്പോലും വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നിട്ട് ഞങ്ങൾ ഭുവനേശ്വരന്റെ ആളുകളാണെന്ന് പറയുന്നു. ഭുവനേശ്വരന്റെ അച്ഛൻതന്നെയാണ് തന്റെയും അച്ഛൻ.
അനിയൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയത് കെ.എസ്.യുക്കാരാണെന്നത് സത്യമാണെങ്കിലും അതിനുള്ള സാഹചര്യമൊരുക്കിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം. എന്ന പ്രസ്ഥാനത്തിനോ അതിന്റെ ആശയങ്ങൾക്കോ ഞാൻ എതിരല്ല. എന്നാൽ, പാർട്ടിയിൽ കടന്നുകൂടിയിട്ടുള്ള മുതലാളിത്ത സ്വഭാവമുള്ള ആശയങ്ങളേയും സ്ഥാനമോഹികളേയുമാണ് എതിർക്കുന്നത്. സാമ്പത്തിക മോഹികളും അധികാരമോഹികളുമായ ചില വ്യക്തികൾ പാർട്ടിയെ നശിപ്പിക്കുകയാണ്. പാർട്ടി നന്നാകണമെന്ന ആഗ്രഹത്തോടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്.
എന്നാൽ, പാർട്ടിയെ നന്നാക്കുക എന്നത് ഇപ്പോൾ അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കകത്തുള്ള ചിലർ കാരണമാണ് സുധാകരൻ പുറത്തുപോയതെന്നാണ് സി.പി.എം. സെക്രട്ടേറിയറ്റിൽ പറഞ്ഞതായി പത്രങ്ങളിൽ വായിച്ചത്. നേരത്തേ പുറത്താക്കേണ്ടതായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരും അതിനകത്തുണ്ടെന്ന് വായിച്ചു. കക്കുകയും വെള്ളമടിക്കുകയും ചെയ്യുന്നവർ മാത്രംമതി പാർട്ടിയിൽ എന്ന നിലപാടുള്ള മെമ്പറായിരിക്കും അങ്ങനെ സംസാരിച്ചത്. തനിക്കെതിരെ സംസാരിച്ചവർ ആരാണെന്ന് വ്യക്തമാക്കിയാൽ അവരുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































