കൊയിലാണ്ടി: ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കൊയിലാണ്ടി നഗരസഭയുടെ മുത്താമ്പി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എം.സി.എഫ്.) കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് ചാക്കിനുള്ളിൽ കെട്ടിയ നിലയിലുണ്ടായിരുന്ന പെരുമ്പാമ്പ് പുറത്തേക്ക് ചാടിയത്. ജീവനക്കാർക്ക് തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ചാക്കിൽ കൂടുതൽ പ്ലാസ്റ്റിക് നിറയ്ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പാമ്പ് പുറത്തേക്ക് വന്നത്.
ആരോ മനഃപൂർവം പെരുമ്പാമ്പിനെ പ്ലാസ്റ്റിക് ചാക്കിലാക്കി മുറുകെ കെട്ടി മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ചതാണെന്നാണ് ഹരിത കർമസേനാംഗങ്ങളുടെ ആരോപണം. ഇത്തരത്തിലുള്ള ക്രൂരമായ പ്രവൃത്തി ആരും ആവർത്തിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിലും ചാക്കുകളുടെ കെട്ടുകൾക്കിടയിലും പാമ്പുകളെ കാണുന്നത് അപൂർവമല്ലെങ്കിലും, ചാക്കിൽ കെട്ടിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തുന്നത് ഇതാദ്യമായാണെന്നും ഹരിത കർമസേനാംഗങ്ങൾ പറഞ്ഞു.


















































