ഭോപ്പാല്‍: മധ്യപ്രദേശില്‍ നോയിഡ സ്വദേശിനിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. നോയിഡ സ്വദേശിനിയും മോഡലുമായ ട്വിഷ ശർമയുടെ മരണത്തിലാണ് ഭർത്താവിനും ഭർതൃമാതാവിനും എതിരേ ആരോപണങ്ങളുയരുന്നത്. ട്വിഷയുടെ ഭർത്താവ് സമർഥ് സിങ്ങും ഭർതൃമാതാവ് ഗിരിബാല സിങ്ങും നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും ട്വിഷയുടെ മരണം കൊലപാതകമാണെന്നും ഇവർ ആരോപിച്ചു. മേയ് 12 ചൊവ്വാഴ്ചയാണ് ട്വിഷയെ ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർതൃവീട്ടുകാരുടെ മൊഴി.
എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. അഞ്ചുമാസം മുൻപാണ് ട്വിഷയും സമർഥ് സിങ്ങും വിവാഹിതരായത്. ഭോപ്പാലിൽ അഭിഭാഷകനാണ് ട്വിഷയുടെ ഭർത്താവ് സമർഥ് സിങ്. ഭർതൃമാതാവ് ഗിരിബാല സിങ് റിട്ട. ജഡ്ജിയുമാണ്. ഭർതൃവീട്ടുകാരുടെ ഉന്നത സ്വാധീനം കാരണം കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും കുടുംബത്തിന് പരാതിയുണ്ട്. അതേസമയം, യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഭർത്താവ് സമർഥ് സിങ്ങും ഭർതൃമാതാവ് ഗിരിബാല സിങ്ങുമാണ് കേസിലെ പ്രതികൾ. അതിനിടെ, ഗിരിബാല സിങ്ങിന് കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചു. സമർഥ് സിങ് ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മകളുടെ ഭർത്താവായ സമർഥ് സിങ്ങിനെ ആട്ടിൻതോലിട്ട ചെന്നായ എന്നാണ് ട്വിഷയുടെ പിതാവ് നവനിതി ശർമ വിശേഷിപ്പിച്ചത്.
ക്രൂരമായ പീഡനമാണ് മകൾക്ക് നേരിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും ട്വിഷയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പിതാവിന്റെ ആരോപണം. വിവാഹശേഷവും പലതവണകളായി പണം വാങ്ങി. ട്വിഷയ്ക്ക് ജോലി നഷ്ടമായപ്പോൾ ‘ഞങ്ങൾ എങ്ങനെ നിന്നെ തീറ്റിപ്പോറ്റും’ എന്നാണ് ചോദിച്ചത്. ഹണിമൂണിനിടെയും ഇരുവർക്കുമിടയിൽ കലഹങ്ങളുണ്ടായി. അയാൾ ഒരു ആട്ടിൻതോലിട്ട ചെന്നായ ആയിരുന്നു. വിവാഹബന്ധം തുടരാനായി മകൾ പലവിവരങ്ങളും തങ്ങളിൽനിന്ന് മറച്ചുവെച്ചിരുന്നു. എന്നാൽ, അവസാനദിവസങ്ങളിൽ അവൾ കുറേകാര്യങ്ങൾ വെളിപ്പെടുത്തി. ഭോപ്പാലിൽ എത്തി കൂട്ടിക്കൊണ്ടുപോകാനും പറഞ്ഞു. അതിനായി ടിക്കറ്റ് എടുത്തെങ്കിലും എന്നാണ് വരേണ്ടതെന്ന് മകൾ പറഞ്ഞില്ല. അവൾക്കുണ്ടായ വിധിയെ അവൾ സ്വയം പഴിക്കുകയായിരുന്നു. മകൾ ഗർഭിണിയായപ്പോൾ കുഞ്ഞിന്റെ പിതൃത്വത്തിൽ വരെ ഭർത്താവ് സംശയമുന്നയിച്ചു. ഇത് ആരുടെ കുഞ്ഞാണെന്നാണ് അവളോട് ചോദിച്ചതെന്നും ഭർതൃവീട്ടിൽ ക്രൂരമായ പീഡനമാണ് മകൾക്ക് നേരിടേണ്ടിവന്നതെന്നും പിതാവ് ആരോപിച്ചു.
ട്വിഷ ശർമയുടെ മരണത്തിൽ കേസിൽ പ്രതികൂടിയായ ഭർതൃമാതാവ് ഗിരിബാല സിങ്ങും പ്രതികരണവുമായി രംഗത്തെത്തി. ട്വിഷ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായാണ് റിട്ട. ജഡ്ജി കൂടിയായ ഗിരിബാല സിങ്ങിന്റെ പ്രധാന ആരോപണം. ഗർഭിണിയായിരിക്കെ ട്വിഷ കഞ്ചാവ് ഉപയോഗിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചുമാസമായിട്ടും ട്വിഷയുടെ കുടുംബം അവളെ തിരിഞ്ഞുനോക്കിയില്ല. ട്വിഷയ്ക്ക് മാനസികപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ട്വിഷയുടെ താത്പര്യപ്രകാരമാണ് ഗർഭഛിദ്രം നടത്തിയത്. എന്നാൽ, ഇതിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ അവൾക്ക് കുറ്റബോധമുണ്ടായെന്നും ഗിരിബാല സിങ് പറഞ്ഞു.

















































