വാഷിങ്ടൺ: പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്ന് താഴെയിറക്കിയ സംഭവവുമായി ബന്ധപ്പെട്ട് വിദേശ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന ആരോപണം വീണ്ടും ശക്തിപ്രാപിക്കുന്നു. അമേരിക്ക ആസ്ഥാനമായ അന്വേഷണ മാധ്യമമായ ഡ്രോപ് സൈറ്റ് പുറത്തുവിട്ട രഹസ്യ നയതന്ത്ര രേഖ (സൈഫർ) പഴയ വിവാദത്തെ വീണ്ടും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇമ്രാൻ ഖാൻ നേരത്തെതന്നെ അമേരിക്കയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അമേരിക്കയും പാക്കിസ്ഥാനിലെ പ്രധാന രാഷ്ട്രീയ പാർട്ടികളായ പിഎംഎൽ-എൻ, പിപിപി എന്നിവയും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നായിരുന്നു ഇമ്രാൻഖാന്റെ ആരോപണം. “എന്നെ പുറത്താക്കുകയാണെങ്കിൽ എല്ലാം മാപ്പാക്കും” എന്ന സന്ദേശം അമേരിക്ക നൽകിയതായി അദ്ദേഹം പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈനിക താവളങ്ങൾക്ക് അനുമതി നിഷേധിച്ചതും അമേരിക്കയുടെ യുദ്ധനയങ്ങളെ വിമർശിച്ചതുമാണ് ഈ നീക്കത്തിനു കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഈ ആരോപണം ശരിവെക്കുന്ന വിധം I-0678 എന്ന പേരിലുള്ള ചോർന്ന കേബിളിൽ 2022 മാർച്ച് 7-ന് അമേരിക്കയിൽ നടന്ന നിർണായക കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടന്നാണ് സൈഫർ പറയുന്നക്. അന്നത്തെ പാക്കിസ്ഥാൻ സ്ഥാനപതി അസാദ് മജീദ് ഖാനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡൊണാൾഡ് ലൂവും തമ്മിലുള്ള സംഭാഷണമാണ് രേഖയിൽ വിവരിക്കുന്നത്. റഷ്യ–യുക്രൈൻ യുദ്ധത്തിൽ ഇമ്രാൻ ഖാൻ സ്വീകരിച്ച നിഷ്പക്ഷ നിലപാട് അമേരിക്കയെ അസ്വസ്ഥരാക്കിയെന്നും, ഖാനെ അധികാരത്തിൽ നിന്ന് നീക്കിയാൽ ഇരുരാജ്യ ബന്ധങ്ങൾ സാധാരണ നിലയിലാകും എന്ന സന്ദേശം നൽകിയതായി റിപ്പോർട്ട് പറയുന്നു. “All will be forgiven (എല്ലാം ക്ഷമിക്കപ്പെടും)” എന്ന പ്രസ്താവനയും രേഖയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
എന്നാൽ ഈ ആരോപണങ്ങൾ അമേരിക്ക തുടക്കം മുതൽ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. അന്നത്തെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നേഡ് പ്രൈസ് ഇതിൽ യാതൊരു സത്യവുമില്ല; പാക്കിസ്ഥാന്റെ ഭരണഘടനാപരമായ നടപടികളെ തങ്ങൾ ബഹുമാനിക്കുന്നുവെന്ന് പ്രതികരിച്ചു.
അതേസമയം 2022 ഏപ്രിൽ 9-ന് അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്ന് പുറത്തായി. തുടർന്ന് അഴിമതി, കോടതിയലക്ഷ്യം, ദേശീയ സുരക്ഷാ കേസുകൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ട് അദ്ദേഹവും ഭാര്യ ബുഷ്ര ബീബിയും ജയിലിലായി. അദ്ദേഹത്തിന്റെ പാർട്ടി പാക്കിസ്ഥാൻ തെഹ്രീക്- ഇ- ഇൻസാഫ് (PTI) പിന്നീട് നിരോധിക്കുകയും 2024 പൊതുതെരഞ്ഞെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടപ്പെടുകയും ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, ഖാന്റെ വിദേശനയ നിലപാടുകൾ പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുന്നതായി സൈന്യം വിലയിരുത്തി. ഇതോടെ സൈന്യം സ്വതന്ത്രമായി അമേരിക്കയുമായി ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും, ഖാന്റെ അറിവില്ലാതെ തന്നെ വാഷിങ്ടണിൽ ലോബിയിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതായും പറയുന്നു. ഖാന്റെ പുറത്താക്കലിന് ശേഷം പാക്കിസ്ഥാൻ അമേരിക്കയോട് കൂടുതൽ അടുപ്പം പുലർത്തുകയും യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ആയുധ സഹായങ്ങൾ നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ അന്താരാഷ്ട്ര നാണയനിധിയുടെ (IMF) സഹായങ്ങൾ ഈ തന്ത്രപരമായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.
പുതിയ സൈഫർ രേഖ പുറത്തുവന്നതോടെ പാക്കിസ്ഥാനിലെ ഏറ്റവും വിവാദമായ അധികാരമാറ്റ സംഭവത്തെ വീണ്ടും രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഖാന്റെ ആരോപണങ്ങൾക്ക് ഇത് ശക്തിയേകുമോ എന്ന ചോദ്യവും, അന്താരാഷ്ട്ര ഇടപെടലിന്റെ പരിധിയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും വീണ്ടും ഉയർന്നിരിക്കുകയാണ്.
🚨BREAKING: For the first time, the original Pakistani cypher — cable I-0678, the document that triggered the removal of former Pakistani Prime Minister Imran Khan — is being released in full by Drop Site. https://t.co/nlX8uZCQRX pic.twitter.com/SYskivzAK9
— Drop Site (@DropSiteNews) May 17, 2026
















































