കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ രണ്ട് യുവതികൾ കൊച്ചിയിൽ അറസ്റ്റിൽ. സിന്ധു, അലീന എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത്. മോഡലിങ് എന്ന വ്യാജേന വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെച്ചുവെന്ന് ഇരയായ യുവതി നൽകിയ പരാതിലാണ് ഇരുവരും അറസ്റ്റിലായത്. വൻ റാക്കറ്റ് തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി നൽകിയ പരാതിയിൻമേലുള്ള അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്.
ഇരയായ പെൺകുട്ടിയെ മോഡലിങ്ങിന്റെ മറവിൽ ദുബായിലെത്തിച്ച് പലർക്കായി കാഴ്ചവെച്ചു എന്നുള്ളതാണ് പരാതി. ദുബായിൽ എത്തിച്ച ശേഷം പെൺകുട്ടിക്ക് ഇവർ മയക്കുമരുന്ന് നൽകി. അതിനു ശേഷം പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി. പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പലർക്കായി കാഴ്ചവെച്ചതെന്ന് പോലീസ് പറഞ്ഞു. പല പെൺകുട്ടികളും ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മറ്റ് പരാതികളും ഇപ്പോൾ പോലീസിനു മുന്നിൽ വന്നിട്ടുണ്ടെന്നാണ് അറിയുന്നത്.
അറസ്റ്റിലായവരിൽ അലീന എന്ന വ്യക്തി നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിൽ അലീന പ്രതിയായിട്ടുണ്ട്. ഇവർക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് പറഞ്ഞു.
















































