ബദിയടുക്ക: ക്രിക്കറ്റ് കളിക്കിടയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി. കാസർകോഡ് ബദിയടുക്കയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന്റെ മകനുമായുണ്ടായ തർക്കത്തിൽ ഇയാളോടുള്ള വൈരാഗ്യത്തിൽ 52കാരന്റെ ജീവനെടുത്തത്. സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കുഡ്‌ലു ബദ്രുവിലെ കൊറഗയുടെ മകൻ സുരേഷ് (52) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ കേസെടുത്തു. കുംബഡാജെ സഹകരണ ബാങ്ക് സെക്യൂരിറ്റി ആണ് സുരേഷ്.
കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിൽ സുരേഷിന്റെ മകൻ സുഭാഷുമായുണ്ടായ തർക്കമാണ് പിതാവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപത്ത് നിൽക്കുകയായിരുന്നു സുരേഷിനെ കിരൺ പിച്ചാത്തി കൊണ്ട് മാരകമായി കുത്തിപ്പരുക്കേൽപ്പിക്കുകയും ഇതിന് അഭിലാഷ് കൂട്ടുനിൽക്കുകയുമായിരുന്നുവെന്നാണ് പോലീസ് വിശദമാക്കുന്നത്. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മകൻ സുഭാഷ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.















































