ഭോപാൽ: ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. നോയിഡ സ്വദേശിയായ ട്വിഷ ശർമ(33)യെയാണ് മധ്യപ്രദേശിലെ ഭോപാലിലെ കതാരാ ഹിൽസിലെ ഭർതൃവീട്ടിൽ ചൊവ്വാഴ്ച രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധന പീഡനവും നിർബന്ധിത ഗർഭഛിദ്രവുമാണ് മകളുടെ മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിച്ചു. അഞ്ചുമാസം മുൻപാണ് ഭോപ്പാലിൽ നിന്നുള്ള അഭിഭാഷകനായ സമർത് സിങ്ങുമായി ട്വിഷ ശർമയുടെ വിവാഹം നടന്നത്.
2024ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടത്. 2025 ഡിസംബറിലായിരുന്നു വിവാഹം. ചൊവ്വാഴ്ച രാത്രി 10 മണി വരെ ത്വിഷ തങ്ങളോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും, ഭോപ്പാൽ വിട്ട് നോയിഡയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് മരണവുമായി ബന്ധപ്പെട്ട് ബന്ധക്കളുടെ ആരോപണം. സംഭാഷണത്തിനിടെ, ഭർത്താവ് മുറിയിൽ കയറിയപ്പോൾ അവൾ പെട്ടെന്ന് കോൾ അവസാനിപ്പിച്ചു. അതിനുശേഷം ട്വീഷയെയും ഭർത്താവ് സമർത്തിനെയും റിട്ട. ജഡ്ജി കൂടിയായ ഭർതൃമാതാവ് ഗിരിബാല സിങ്ങിനെയും ബന്ധപ്പെടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ആരും പ്രതികരിച്ചില്ലെന്നും ട്വിഷയുടെ സഹോദരനും ഇന്ത്യൻ ആർമിയിലെ ഒരു ഉദ്യോഗസ്ഥനുമായ മേജർ ഹർഷിത് ശർമ്മ പറഞ്ഞു.
അഞ്ച് മിനിറ്റിന് ശേഷം മകളുടെ മരണവിവരം വിളിച്ചറിയിച്ചു. ആശുപത്രിയിലേക്ക് 10 മിനിറ്റ് ദൂരമുണ്ടായിരുന്നിട്ടും ചികിത്സ വൈകിച്ചു. സഹോദരി മാനസിക പീഡനത്തിനും ഗാർഹിക പീഡനത്തിനും ഇരയായിട്ടുണ്ടെന്നും ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്നും ശർമ്മ ആരോപിക്കുന്നു. “ഗർഭിണിയായ സമയത്ത്, സഹോദരി അത് തുടരാനും ഒരു കുഞ്ഞിനെ പ്രസവിക്കാനുമുള്ള ആഗ്രഹിച്ചിരുന്നു. എന്നാൽ, ഗർഭഛിദ്രം നടത്താൻ ഭർത്താവും ഭർതൃവീട്ടുകാരും കടുത്ത സമ്മർദ്ദത്തിനും നിർബന്ധത്തിനും വിധേയയാക്കി.
കുട്ടി അവിഹിത ഗര്‍ഭത്തിലുള്ളതാണെന്ന് വരെ ആരോപിച്ചു. നിരന്തരമായ മാനസിക സമ്മർദ്ദത്തിനും കുടുംബത്തിന്റെ നിർബന്ധത്തിനും വഴങ്ങിയാണ് അവൾ ഗർഭഛിദ്രം നടത്തിയത്. തുടർന്നും രൂക്ഷമായ പീഡനം തുടർന്നു.” അദ്ദേഹം പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനത്തിനും യുവതി ഇരയായിട്ടുണ്ടെന്നും പിതാവ് നൽകിയ 20 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപങ്ങൾ തങ്ങളുടെ പേരിലേക്ക് മാറ്റാൻ ഭർത്താവ് സമർതും ജഡ്ജി കൂടിയായ ഭർതൃമാതാവും നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി മാതാപിതാക്കൾ ആരോപിക്കുന്നു.

















































