തൊടുപുഴ: ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് പൊലീസുകാരെ തടഞ്ഞുവെച്ച സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. അന്യായമായി സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലോകകപ്പ് ഫൈനലിനിടെ തൊടുപുഴ മങ്ങാട്ടുകവലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കരിമണ്ണൂര്‍ എസ്‌ഐയെയും ഡ്രൈവറെയും ഒരു സംഘം ആളുകള്‍ തടഞ്ഞുവെച്ചത്.
ഔദ്യോഗിക വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും ചീട്ട് കെട്ടുകളും കണ്ടെത്തിയിരുന്നു. മറ്റു ഉദ്യോഗസ്ഥരെ കൊണ്ടാണ് നാട്ടുകാർ വാഹനം പരിശോധിപ്പിച്ചത്. എന്നാല്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. രക്തസാമ്പിളുകളുടെ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഓപ്പറേഷന്‍ തൂഫാനിടെ സംസ്ഥാനത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉണ്ടായ ആരോപണം ഗൗരവമായാണ് കാണുന്നതെന്നും ഇടുക്കി എസ്പി പറഞ്ഞു.

















































