കോഴിക്കോട്: പറഞ്ഞ സ്റ്റോപ്പിൽ നിർത്താത്തതിനെ തുടർന്ന് കെഎസ്ആർടിസി ബസിന്റെ സൈഡ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതിയുടെ പോസ്റ്റ്. തനിക്ക് അത്യാവശ്യമായി ശുചിമുറിയിൽ പോകണ്ട അവസ്ഥ വന്നുവെന്നും സഹിച്ചു നില്ക്കാൻ പറ്റുന്നില്ലായിരുന്നു, അതിന്റെ പരിഭ്രമത്തിൽ അങ്ങനെ സംഭവിച്ചുപോയതാണെന്നും യുവതി പറയുന്നു.
സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ ചെറിയൊരു ഭാഗം മാത്രമാണന്നും ബസ് നിർത്താൻ പല തവണ താൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു അവരത് കൂട്ടാക്കിയില്ല. അങ്ങനെ ആ സംഭവത്തിന്റെ മുമ്പുണ്ടായ കാര്യങ്ങൾ പ്രചരിക്കപ്പെടുന്ന വീഡിയോയിൽ ഇല്ലയെന്നും യുവതി പറയുന്നു. മറ്റ് മാർഗമില്ലാതെ വന്നതോടെയാണ് ബസിലെ എമർജൻസി ഹാമർ ഉപയോഗിച്ച് ചില്ലു തകർത്തതെന്നാണ് വിശദീകരണം. നഷ്ടപരിഹാരമായി 28,000 രൂപ ഈടാക്കി. രാമനാട്ടുകര സ്വദേശിയാണ് യുവതി.കട്ടപ്പനയിൽ നിന്നും മാനന്തവാടിയിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. കോഴിക്കോട് നിന്നും മാനന്തവാടിയ്ക്കുള്ള ട്രിപ്പ് മുടങ്ങുകയും ചെയ്തു.
കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. ബസ് ടെർമിനലിൽ എത്തിയതിനു പിന്നാലെ നടക്കാവ് പോലീസ് യുവതിയെ കൊണ്ടുപോയി. എന്നാൽ, സംഭവം നടന്നത് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേയ്ക്ക് കൈമാറുകയായിരുന്നു.











































