തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിനെതിരെ മഹിളാ മോർച്ച നടത്തിയ സമരത്തിനെതിരെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. പുതിയ സർക്കാർ അധികാരമേൽക്കുന്നതിനുമുമ്പ് നടത്തിയ സമരം രാഷ്ട്രീയമായി തിരിച്ചടിയായെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉയർന്നത്. “സർക്കാർ രൂപീകരിക്കപ്പെടും മുൻപ് നടത്തിയ സമരം മണ്ടത്തരമായിപ്പോയി” എന്നായിരുന്നു വിമർശനം.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് എടുത്ത തീരുമാനത്തെയാണ് പ്രധാനമായും നേതാക്കൾ ചോദ്യം ചെയ്തത്. കെ. സുരേന്ദ്രൻ, വി. മുരളീധരൻ, പി.സി. ജോർജ്, പത്മജ വേണുഗോപാൽ തുടങ്ങിയ നേതാക്കൾ സമരനീക്കത്തിനെതിരെ വിമർശനം ഉന്നയിച്ചു. എന്നാൽ സമരത്തെക്കുറിച്ച് തനിക്ക് വ്യക്തമായ വിവരം ഉണ്ടായിരുന്നില്ലെന്ന നിലപാടാണ് രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനവും കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനത്തിന് ഇടയാക്കി. മണ്ഡലങ്ങളിൽ വേണ്ടത്ര ഏകോപനം ഉണ്ടായില്ലെന്നും ഇൻചാർജുമാരെ ഫലപ്രദമായി നിയോഗിച്ചില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ശരിയായ തയ്യാറെടുപ്പ് ഉണ്ടായിരുന്നുവെങ്കിൽ കുറഞ്ഞത് പതിനഞ്ച് സീറ്റുകൾ വരെ നേടാനാകുമായിരുന്നുവെന്ന അഭിപ്രായവും ഉയർന്നു.
2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് ശതമാനം കുറഞ്ഞിട്ടും ബിജെപി കേരളത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ 16 ശതമാനത്തിലധികം വോട്ട് നേടിയെന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയതിലും നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി. നാദാപുരം, വടകര മണ്ഡലങ്ങളിലെ പാർട്ടി ചുമതലയുള്ളവർ വിമത നിലപാട് സ്വീകരിച്ചുവെന്നും ജില്ലാ പ്രസിഡന്റുമാർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ആരോപണം.
നേമം മണ്ഡലത്തിലെ പ്രകടനവും ചർച്ചയായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിന് ലഭിച്ച 22,000 വോട്ടിന്റെ ലീഡ് ഇത്തവണ 4000 ആയി കുറഞ്ഞത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നതായി യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി. അതേസമയം, വിജയിച്ച ചാത്തന്നൂരും കഴക്കൂട്ടവും വർഷങ്ങളായി പാർട്ടി കേന്ദ്രീകരിച്ച് പ്രവർത്തിച്ച മണ്ഡലങ്ങളാണെന്ന വിലയിരുത്തലും ഉയർന്നു.
സീറ്റ് വിഭജനത്തിലും ഗുരുതര പിഴവുകൾ സംഭവിച്ചുവെന്ന വിമർശനവും കോർ കമ്മിറ്റിയിൽ ശക്തമായി ഉയർന്നു. ട്വന്റി 20യ്ക്ക് സീറ്റുകൾ നൽകിയതിൽ മതിയായ കൂടിയാലോചന ഉണ്ടായില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കൊടുങ്ങല്ലൂരും തൃപ്പൂണിത്തറയും പോലുള്ള ശക്തമായ മണ്ഡലങ്ങൾ ട്വന്റി 20യ്ക്ക് വിട്ടുനൽകിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് എം.ടി. രമേശും സി.കെ. പത്മനാഭനും അഭിപ്രായപ്പെട്ടു.
ക്രിസ്ത്യൻ ഔട്ട്‌റീച്ച് തന്ത്രം പരാജയപ്പെട്ടതായും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി. ഈ നീക്കത്തിന് നേതൃത്വം നൽകിയ പി.സി. ജോർജിനെതിരെയും വിമർശനം ഉയർന്നു. ക്രൈസ്തവ സഭകൾക്കെതിരെ പരസ്യമായി എതിർ നിലപാട് സ്വീകരിച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെയും യോഗത്തിൽ ചില നേതാക്കൾ വിമർശിച്ചു. ഒരു മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാത്തത് തിരിച്ചടിയായെന്നായിരുന്നു അഭിപ്രായം. പാലക്കാട്ടെ പ്രകടനം ഉപതിരഞ്ഞെടുപ്പിലെ വോട്ടുകളുമായി താരതമ്യം ചെയ്യരുതെന്നും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളോടാണ് താരതമ്യം ചെയ്യേണ്ടതെന്നുമാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്.
അതേസമയം, ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ കോർ കമ്മിറ്റി ചർച്ച നടത്തിയില്ല. അതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നും ഇന്നത്തെ യോഗം തിരഞ്ഞെടുപ്പ് അവലോകനത്തിനായിരുന്നുവെന്നുമാണ് പാർട്ടി നേതൃത്വം വിശദീകരിച്ചത്.













































