പത്തനംതിട്ട∙ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. ഒരിക്കൽ പ്രായപരിധിയിൽ ഇളവു നൽകിയത് മുഖ്യമന്ത്രിയാകാനാണെന്നും ഇപ്പോൾ പ്രതിപക്ഷ നേതാവാക്കിയ നടപടി റദ്ദാക്കണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ഭരണംപോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ല. തോൽവിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുത്തില്ലെന്നും സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു.
ഒരിക്കൽ പ്രായപരിധിയിൽ ഇളവു നൽകിയത് മുഖ്യമന്ത്രിയാകാനാണ്. വീണ്ടും ഇളവുകൾ നൽകി പ്രതിപക്ഷ നേതാവാകുന്നത് ശരിയായ രീതിയില്ല. അതുപോലെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പാർട്ടി പ്രവർത്തകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മന്ത്രിമാരുടെ പ്രവർത്തനം മോശമായിരുന്നു. അവരുടെ പ്രവർത്തനശൈലി ജനങ്ങളെ പാർട്ടിയിൽ നിന്നകറ്റി. കാര്യമായ തിരുത്തലുകൾ വേണം. പാർട്ടിയെ രക്ഷിക്കാതെ ഭാര്യയെ രക്ഷിക്കാനാണ് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ശ്രമിച്ചതെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായി.
അതേസമയം സംസ്‌ഥാന കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. പിണറായി തന്നെ പ്രതിപക്ഷ നേതാവാകട്ടെയെന്ന നിർദേശം കേരള നേതൃത്വം പൊളിറ്റ് ബ്യൂറോ യോഗത്തിൽ വച്ചിരുന്നു. പിബിയുടെ അംഗീകാരത്തോടെയാണ് കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിർദേശം അവതരിപ്പിച്ചത്. തലമുറമാറ്റം എന്ന നിലയ്ക്കു പുതിയൊരുയൊരു നേതാവിനെ നിയോഗിക്കണമെന്ന ആവശ്യം സംസ്‌ഥാന കമ്മിറ്റിയിൽ ചിലർ ഉയർത്തിയെങ്കിലും ആ ആശയത്തിനു കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല.
പിബി അംഗം നിയമസഭയിൽ ഉള്ളപ്പോൾ കക്ഷി നേതാവായി മറ്റൊരാളെ തീരുമാനിക്കുന്ന രീതി ഇല്ലെന്നും പിണറായി പ്രതിപക്ഷ നേതാവാകുന്നില്ലെങ്കിൽ എംഎൽഎ സ്ഥാനം ഒഴിയേണ്ടിവരുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. മാത്രമല്ല തന്റെ പേര് പരിഗണിക്കുന്നതിനെ പിണറായി എതിർത്തതുമില്ല. അതിനാൽതന്നെ പിണറായിയെ നിശ്ചയിക്കുകയായിരുന്നു.












































