ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ ഏത് സമയത്തും താഴെവീഴാമെന്ന മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. അതിനാൽ പാർട്ടി ഭാരവാഹികളും പ്രവർത്തകരും രാഷ്ട്രീയ സാഹചര്യങ്ങൾക്കായി സജ്ജരായി ഇരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ചെന്നൈയിൽ ചേർന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.
“ടിവികെ സർക്കാർ എപ്പോൾ വേണമെങ്കിലും താഴെവീഴാം. അതിനാൽ സംഘടനാ തലത്തിൽ എല്ലാവരും തയ്യാറാകണം. 2029-ൽ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്‌നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ട്”; സ്റ്റാലിൻ പറഞ്ഞു.
സമീപ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ചും സ്റ്റാലിൻ തുറന്നുപറഞ്ഞു. പാർട്ടിക്കുള്ളിൽ പരാജയത്തിന്റെ പേരിൽ പരസ്പരം കുറ്റപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും നേതാവെന്ന നിലയിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം കണ്ടെത്താൻ ഉന്നതതല സമിതിയെ നിയോഗിച്ചതായും 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും സ്റ്റാലിൻ പറഞ്ഞു. സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവിധ മണ്ഡലങ്ങളിൽനിന്നും പാർട്ടി ഭാരവാഹികളിൽനിന്നും വിവരങ്ങൾ ശേഖരിക്കും. റിപ്പോർട്ട് ലഭിച്ച ഉടൻ ഉത്തരവാദികളാർ എന്നതടക്കമുള്ള കാര്യങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“സ്ഥാനമാനങ്ങൾ നോക്കാതെ നടപടി ഉണ്ടാകും. പരാജയത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തും; സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലത്തെ “രാഷ്ട്രീയ സുനാമി”യെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. അഞ്ചുവർഷത്തെ ഭരണകാലത്ത് സർക്കാരിന് ലഭിച്ച ജനപിന്തുണയാൽ തിരഞ്ഞെടുപ്പ് വിജയമാക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം വിലയിരുത്തി.
സാമൂഹികമാധ്യമങ്ങളിലെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും സ്റ്റാലിൻ വിശദമായി സംസാരിച്ചു. പൊതുയോഗങ്ങളും പ്രതിഷേധങ്ങളും മാത്രം മതിയാകില്ലെന്നും ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ പോരാട്ടം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളും പ്രവർത്തകരും സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സജീവമാകണമെന്നും നിർദേശിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പൊതുജനങ്ങളിൽനിന്നും പ്രവർത്തകരിൽനിന്നും നേരിട്ട് അറിയുന്നതിനായി പുതിയ വെബ്‌സൈറ്റും ഡിഎംകെ ആരംഭിച്ചു. www.udanpirapinkural.in എന്ന വെബ്‌സൈറ്റിലൂടെ പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കാനാകും. പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ഡിഎംകെ നേതൃത്വം വ്യക്തമാക്കുന്നത്.
















































