കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് നജീബ് കല്ലട്രയ്ക്ക് മിക്ക ജില്ലകളിലും ഏജന്റുമാരുള്ളതായി കണ്ടെത്തൽ. എറണാകുളത്തിന് പുറമെ ആലപ്പുഴ, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അവയവദാനത്തിന് ഇരകളെ കണ്ടെത്താൻ ഏജന്റുമാരുണ്ടായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി ഡെബിൻ ജോസഫ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതിയായ അരൂരിൽ വാടകയ്ക്കു താമസിക്കുന്ന രാജേഷ് എന്നയാളെ അന്വേഷിച്ച് പോലീസ് എത്തിയെങ്കിലും ഇയാൾ നായ്ക്കളെ അഴിച്ചുവിട്ട് അവിടെനിന്നു മുങ്ങി.
അതേസമയം നജീബിന്റെ പേരിലുള്ള രണ്ട് അക്കൗണ്ടുകളാണ് ഇതുവരെ പോലീസ് പരിശോധിച്ചത്. കോടികളാണ് ഈ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 3 വർഷത്തിനിടെ കടന്നുപോയതെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. അതിൽ ബിനാമി അക്കൗണ്ടുകൾ ഉണ്ടോ എന്നതും പരിശോധിക്കുന്നു. വ്യാജരേഖകൾ നിർമിച്ചതിനെക്കുറിച്ചായിരുന്നു ആദ്യം അന്വേഷിച്ചിരുന്നത്. പക്ഷേ ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിച്ച വലിയ അവയവക്കടത്തു മാഫിയയെക്കുറിച്ചുള്ള അന്വേഷണമായി ഇത് മാറുകയായിരുന്നു. അവയവദാനത്തിന്റെ മറവിൽ വിദേശത്തേക്കു മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട നജീബിനെയും ഭാര്യ റഷീദയേയും എറണാകുളം റൂറൽ പോലീസ് മേധാവി കെ.എസ്.സുദർശന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇവരിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. നജീബും ഭാര്യയും വാടകയ്ക്ക് താമസിച്ചിരുന്ന കരിമുകളിനടുത്ത പോത്താനിപ്പറമ്പിലെ ഫ്ലാറ്റിൽ നിന്നു ലഭിച്ച ഡയറിയാണ് കൂട്ടാളികളിലേക്കും അന്വേഷണം നീളാൻ കാരണമായത്. പല പ്രമുഖരുടേയും പേരുകൾ ഈ ഡയറിയിൽ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
ഡയറിയിൽനിന്നു ലഭിച്ച വിവരത്തിൽ നിന്നാണ് ഡെബിൻ ജോസഫിലേക്ക് എത്തുന്നത്. പാവപ്പെട്ടവരെയും പണത്തിന് അത്യാവശ്യമുള്ളവരെയും കണ്ടെത്തുന്നതും അവയവദാനത്തിനു പ്രലോഭിപ്പിക്കുന്നതും ഡെബിൻ ജോസഫാണെന്നാണ് വിവരം. തുടർന്നാണ് നജീബിലേക്ക് കാര്യങ്ങൾ എത്തുന്നത്. ആശുപത്രികളിലേക്ക് ആവശ്യമായ രേഖകൾ തയാറാക്കുന്നതും സ്വീകർത്താവിനെ ബന്ധപ്പെടുന്നതുമെല്ലാം നജീബാണ്. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ അവയവദാനം നടത്തുന്നവർക്ക് നൽകുമ്പോൾ 30–50 ലക്ഷം വരെയാണ് സ്വീകർത്താവിൽനിന്ന് ഈടാക്കുന്നത്.
അതേസമയം 2017ലെ കാലിയ റഫീക് വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് വെറുതെ വിടുകയും ചെയ്ത നജീബ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ താൻ അവയവക്കച്ചവടം നടത്തിയിട്ടില്ലെന്നാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വ്യാജരേഖകളുടെ നിർമാണത്തിന് അറസ്റ്റിലായ കുന്നത്തുനാട് പള്ളിക്കര സ്വദേശി സണ്ണി വർഗീസ് അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്. രേഖകളുടെ പ്രിന്റും ഫോട്ടോസ്റ്റാറ്റും എടുത്തുകൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്തിരുന്നത് എന്നും മറ്റൊരു ബന്ധവുമില്ലെന്നാണ് സണ്ണിയുടെയും ഭാര്യയുടേയും വാദം. അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡെബിന് സണ്ണിയെ അറിയാമെന്നാണ് പോലീസ് പറയുന്നത്.

















































