ന്യൂഡൽഹി: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാഹുൽ ഗാന്ധി മടങ്ങി. അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തന്നെയെത്തുമെന്നാണ് ഡൽഹിയിൽ നിന്ന് മലയാളം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ വന്നാൽ ഹൈക്കമാൻഡും കേരളത്തിലെ ജനങ്ങൾക്കൊപ്പമെന്നു വേണം കരുതാൻ. രാഹുൽ – ഖാർഗെ കൂടിക്കാഴ്ച്ച ഏകദേശം മുക്കാൽ മണിക്കൂറുകൊണ്ട് അവസാനിക്കുകയായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാരെന്ന് നാളെയറിയാമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.
കെ.സി. വേണുഗോപാലുമായി ഉടൻ സംസാരിക്കില്ലെന്നും റിപ്പോർട്ട്. മുഖ്യമന്ത്രി ആരെന്ന കേന്ദ്ര നേതാക്കളുടെ തീരുമാനം എന്തെന്ന് കെ.സി. വേണുഗോപാലിനെ നേതാക്കൾ അറിയിക്കും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് കരുതുന്നത്. വേണുഗോപാലുമായി സംസാരിച്ച ശേഷം വി.ഡി. സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി സംസാരിക്കും. അതേസമയം ഘടകകക്ഷികളുമായി വീണ്ടും ചർച്ച നടന്നേക്കും.
അതേസമയം പറവൂരെ വി ഡി സതീശന്റെ വീടിനു മുൻപിൽ പ്രവർത്തകർ ആഹ്ലാദത്തിലാണ്. എന്നാൽ ചെന്നിത്തലയുടെ വഴുതക്കാട്ടെ വീടിനുള്ളിലേക്ക് മാധ്യമപ്രവർത്തകരെ കടത്തിവിടുന്നില്ലെന്നാണ് അറിയുന്നത്. എങ്കിലും പ്രവർത്തകർ ഇവിടേക്ക് എത്തിച്ചേർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാപിക്കാത്തതിൽ പ്രവർത്തകനും ഘടകകക്ഷികളും തികഞ്ഞ അമർഷത്തിലായിരുന്നു. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും എപ്പോൾ എന്നതിൽ കൃത്യമായ വിവരം ആർക്കുമില്ല. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.
അതേസമയം, വി ഡി സതീശൻ തന്നെ മുഖ്യമന്ത്രി ആകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ എന്ത് ചെയ്യണം എന്നതിൽ തീരുമാനമായില്ല. ഒടുക്കം കോൺഗ്രസ് തീരുമാനം അംഗീകരിക്കേണ്ടി വരുമെന്നാണ് നേതാക്കൾ വിലയിരുത്തൽ. പ്രഖ്യാപനം വൈകുന്നതിനെതിരെ ആർഎസ്പിയും രംഗത്തെത്തി. നാളെയും ഒന്നിച്ച് പോകേണ്ടത് കൊണ്ട്, നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ലെന്നാണ് ഷിബു ബേബി ജോൺ പ്രതികരിച്ചത്.


















































