വാഷിങ്ടൻ: സമാധാനക്കരാറിനു മേൽ കരിനിഴൽ പടർത്തി ഹോർമുസിൽ യുഎസ്–ഇറാൻ സൈന്യങ്ങളുടെ ഏറ്റുമുട്ടൽ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്.
ഇവിടെ നിന്നും സ്ഫോടനശബ്ദമുണ്ടായതായും ഡ്രോൺ ആക്രമണങ്ങളുണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ സൈന്യവും തിരിച്ചടിച്ചു. രണ്ടു ഡ്രോണുകളെ ഇറാൻ സൈന്യം വെടിവച്ചിട്ടതായും പറയുന്നു. യുഎസിന്റെ മൂന്ന് നാവിക ഡിസ്ട്രോയർ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാൻ കപ്പലുകൾ യുഎസ് തകർത്തെന്ന് ഡോണൾഡ് ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ‘അമേരിക്കയുടെ മൂന്ന് ലോകോത്തര നാവിക ഡിസ്ട്രോയർ കപ്പലുകൾ വെടിവയ്പിനിടയിലൂടെ വിജയകരമായി ഹോർമുസ് കടലിടുക്ക് കടന്നു.
അമേരിക്കൻ കപ്പലുകൾക്ക് ഒരു കേടുപാടുമുണ്ടായില്ല, എന്നാൽ ആക്രമിക്കാൻ വന്ന ഇറാൻ കപ്പലുകൾക്ക് സമ്പൂർണ നാശമുണ്ടായിട്ടുണ്ട്.’ – ട്രംപ് കുറിച്ചു. അതേസമയം, ഇറാനുമായി ഹോർമുസിലുണ്ടായ ഏറ്റുമുട്ടൽ ഒരു ‘സ്നേഹത്തല്ല്’ ആയിരുന്നെന്നും വെടിനിർത്തൽ കരാർ തുടരുമെന്നും ട്രംപ് എബിസി ന്യൂസിനോട് പ്രതികരിച്ചു.


















































