മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ അധ്യാപകർക്കെതിരെ ആരോപണവുമായി കുടുംബം. അധ്യാപിക അനാവശ്യമായി അപമാനിച്ചതായും, സ്കൂൾ മാറാൻ ടിസി ആവശ്യപെട്ടപ്പോൾ നൽകാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. കുടുംബം ജില്ലാ പോലീസ് മേധാവിക്കും പെരിന്തൽമണ്ണ പോലീസിലും പരാതി നൽകി. പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ 14 കാരന്റ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.
മെയ് രണ്ടിനാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ തേജസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കുട്ടിയെ മറ്റു കുട്ടികൾക്ക് മുന്നിൽ വെച്ച് അധ്യാപിക അപമാനിച്ചിരുന്നതായും. അധ്യാപകരുടെ നടപടിയിൽ പ്രതിഷേധിച്ച് സ്കൂൾ മാറാൻ ടിസി ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. കുട്ടിയെ തോൽപ്പിക്കുമെന്ന് ക്ലാസ് ടീച്ചർ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു.
‘ഇയ്യ് എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ ഞങ്ങൾ തോൽപ്പിക്കും എന്ന് അവനോട് ടീച്ചർ പറഞ്ഞു. വേറെ സ്കൂളിൽ പോവാത്ത രീതിയിൽ ആക്കും. റെഡ് മാർക്ക് ചെയ്യു’മെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.



















































