തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടിവെള്ള സ്രോതസ്സുകൾ, ജ്യൂസ് കടകൾ, പാനീയ നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ നടക്കുന്നത്. മാർച്ച് ഒന്നു മുതൽ ഇതുവരെ 3,641 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 സ്ഥാപനങ്ങൾക്ക് പിഴയൊടുക്കുന്നതിനുള്ള നോട്ടീസും നൽകിയതായി മന്ത്രി അറിയിച്ചു. പരിശോധനയുടെ ഭാഗമായി ജ്യൂസ്, ശീതളപാനീയങ്ങൾ എന്നിവയുടെ 506 സാമ്പിളുകളും, കുടിവെള്ളത്തിന്റെയും കുപ്പിവെള്ളത്തിന്റെയും 118 സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇതിൽ 36 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ടെണ്ണം ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.
വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നാണ് മന്ത്രി അറിയിക്കുന്നത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ദാഹം തോന്നിയില്ലെങ്കിൽ പോലും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടകളിൽ നിന്ന് കുപ്പിവെള്ളം വാങ്ങുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വേനൽക്കാലത്ത് ജ്യൂസുകളിൽ ഉപയോഗിക്കുന്ന മലിനമായ ഐസ് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. അശുദ്ധമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് പലവിധ രോഗങ്ങൾക്ക് കാരണമായേക്കാം. അതിനാൽ ഐസ് നിർമ്മാണത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യാപാരികളോട് മന്ത്രി നിർദ്ദേശിച്ചു.
ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡുകൾ വഴിയോര കച്ചവടക്കാർ മുതൽ വൻകിട സ്ഥാപനങ്ങളിൽ വരെ പരിശോധന നടത്തുന്നുണ്ട്. ഷവർമ പോലുള്ള ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഇടങ്ങളിലും ഉദ്യോഗസ്ഥർ പ്രത്യേക നിരീക്ഷണം നടത്തുന്നു. അംഗീകാരമില്ലാത്തതോ വ്യാജമായതോ ആയ കുപ്പിവെള്ളം വിൽക്കുന്നവർക്കെതിരെയും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകിരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന ചൂടിൽ കഠിനമായ ദാഹം തോന്നുന്നതിനാൽ എല്ലാവരും കൂടുതൽ തണുത്ത പാനീയങ്ങൾക്കാണ് മുൻഗണന നൽകാറുള്ളത്. ജ്യൂസിൽ ചേർക്കുന്ന ഐസ് പലപ്പോഴും അപകടങ്ങളുണ്ടാക്കാറുണ്ട്. മലിനമായ വെള്ളത്തിൽ നിന്ന് ഉണ്ടാക്കുന്ന ഐസ് പല രോഗങ്ങൾക്കും കാരണമായേക്കാം. അതിനാൽ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളൂ. കടകളിലായാലും വീടുകളിലായാലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

















































