വയനാട്: വയനാട് ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ പരിശോധന നടത്തിയ മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ. കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയെന്ന് ചാണ്ടി ഉമ്മൻ പരിഹസിച്ചു. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് കഴിഞ്ഞ ദിവസം കണ്ടത്. യുഡിഎഫ് സർക്കാർ വന്നാൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
വയനാട് ടൗൺഷിപ്പിൽ മന്ത്രി രാജൻ നടത്തിയത് പരിശോധനാ നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിഹസിച്ചു. വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയറാണ്. ഗുരുതര ക്രമക്കേടാണ് നടന്നത്. ഓരോ ക്രമക്കേടുകളായി പുറത്തുവരുമെന്നും വി.ഡി സതീശൻ പറഞ്ഞു. എന്നാല്‍ വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തി എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒരു വീട് പോലും വെച്ചു നൽകാതെയാണ് യൂത്ത്കോൺഗ്രസ് വിള്ളൽ കാണാൻ പോയത്. വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാർ പിരിച്ച പണത്തിന്റെ കണക്ക് പറയട്ടേയെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, മുണ്ടക്കൈ ദുരന്തബാധിതർക്ക് നിർമ്മിക്കുന്ന സർക്കാർ ടൗൺഷിപ്പിലെ വീടുകളിലുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തിരക്കിട്ട നടപടികള്‍ കരാറുകാരായ ഊരാളുങ്കല്‍ തുടങ്ങി. വിള്ളലുണ്ടായിട്ടില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്. സർക്കാർ ടൗൺഷിപ്പിൽ നിർമ്മിക്കുന്ന വീടുകളിൽ ചോർച്ച കണ്ടെത്തിയ വീടുകളിലെ അപാകതകൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.















































