കോഴിക്കോട്: വിഷു ആശംസകൾ നേർന്നതിന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി നജ്മ തബ്ഷീറയ്‌ക്കെതിരെ സൈബർ ആക്രമണം. മുസ്ലിം ലീഗിന്റെ സൈബർ പോരാളികൾ തന്നെയാണ് നജ്മയെ സൈബറിടത്തിൽ അധിക്ഷേപിക്കുന്നതിൽ മുൻപന്തിയിലുള്ളത്. ഇസ്ലാമിക ആചാരങ്ങൾ പിന്തുടരാൻ ഇതര മതസ്ഥരെ പ്രേരിപ്പിക്കുകയും തിരിച്ച് സംഭവിക്കുമ്പോൾ മത നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന കേരള സ്റ്റോറിയുടെ ഉദാഹരണം കൂടിയാണിത്.
കൽപ്പാത്തിയിലെ അഗ്രഹാര തെരുവിൽ നിന്നും നജ്മ തബ്ഷീറയും കുഞ്ഞും പൂത്തിരി കത്തിക്കുന്നതും തുടർന്ന് ഒരു വീട്ടിൽ നിന്ന് കണികാണുന്നതും അവർ കുഞ്ഞിന് വിഷു കൈനീട്ടം കൊടുക്കുന്നതുാണ് വീഡിയോയിലുള്ളത്. ഇതിന് താഴെയാണ് കടുത്ത സൈബർ ആക്രമണം ഉണ്ടായത്. ‘മുസ്ലിമായി ജനിപ്പിച്ചതിന് അള്ളാഹുവിന് സ്തുതി, നമ്മൾക്ക് ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിങ്ങനെ രണ്ട് ആഘോഷങ്ങൾ മാത്രമേയുള്ളൂ. ഇതര മതസ്ഥരുടെ ആഘോഷങ്ങൾക്ക് ആശംസ നേരാൻ പാടില്ല, കുറച്ചൊക്കെ വിവരം ഉണ്ടാകുമെന്ന് കരുതി’- എന്നിങ്ങനെ പോകുന്നു കമൻറുകൾ.
ലീഗിന്റെ സൈബർ വിംഗിൽ നിന്ന് തന്നെയാണ് ഇത്തരം അധിക്ഷേപ കമൻറുകൾ വരുന്നത് എന്നതാണ് പ്രാഥമികമായി വ്യക്തമാകുന്നത്. എന്നാൽ ഇത്രയേറെ ആക്രമണമുണ്ടായിട്ടും നജ്മയെ പിന്തുണക്കാനോ അധിക്ഷേപത്തിനെതിരെ പ്രതികരിക്കാനോ മുസ്ലിംലീഗ് തയ്യാറായിട്ടില്ല. കേരളത്തിൽ മുസ്ലിം ലീഗിന് ഭരണത്തിൽ ഒരാധിപത്യം വന്നാൽ എന്തായിരിക്കും ഇവിടെ നടക്കുക എന്നതിന്റെ ചെറിയ ഒരു പതിപ്പാണ് ഇതിന് കീഴിൽ വന്ന കമന്റുകൾ















































