ടെഹ്റാന്‍:പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാന്റെ ആക്രമണം. യുഎസ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അധികൃതർ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ വിവിധ ഇടങ്ങളിൽ യുഎസ് ആക്രമണം നടത്തി. സംഘർഷത്തെ തുടർന്ന് കുവൈറ്റ് വ്യോമപാത താൽക്കാലികമായി അടച്ചു.
യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു. ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കുനേരെ വെടിവയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് അമേരിക്കൻ സൈന്യം ഇറാനിലുടനീളം വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. ഹോർമുസ് കടലിടുക്കിന് ചുറ്റും ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന് നേരെ സൈന്യം ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണ പരമ്പര ഒരു രാത്രികൊണ്ട് അവസാനിക്കില്ലെന്ന സൂചനയും അദ്ദേഹം നൽകി. സൈനിക നടപടികൾക്കിടയിലും, യുഎസുമായി ഒരു കരാറിലെത്താൻ ഇറാന് ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനിലെ ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും അവർ പറഞ്ഞു. ആക്രമണം നടത്തിയെന്ന യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടന ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ്, തെക്കൻ നഗരങ്ങളായ സിരിക്, മിനാബ്, ഖേഷ്ം ദ്വീപ്, ഹെംഗം ദ്വീപ്, വടക്കൻ നഗരമായ ഗോർഗാൻ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ റവല്യൂഷനറി ഗാർഡ് മിസൈൽ തൊടുത്തതായി ഇറാൻ സൈന്യം പറഞ്ഞു.
തന്ത്രപ്രധാനമായ ജലപാത അടച്ചുപൂട്ടിയതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് കപ്പലുകളെ റവല്യൂഷനറി ഗാർഡ് ലക്ഷ്യമിട്ടതായി ഇറാന്റെ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.

















































