ദോഹ: യുദ്ധത്തെ തുടർന്ന് അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) ഉൽപ്പാദനം വൻതോതിൽ പുനരാരംഭിക്കാൻ ഖത്തർ ഒരുങ്ങുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ കയറ്റുമതി ശേഷിയുടെ 80 ശതമാനം വരെ വീണ്ടെടുക്കാനാണ് ഖത്തറിന്റെ ലക്ഷ്യം.
കടലിടുക്കിലൂടെയുള്ള സുരക്ഷിത കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഉൽപ്പാദനം 50 ശതമാനമായും രണ്ട് മാസത്തിനുള്ളിൽ 80 ശതമാനമായും ഉയർത്താൻ കഴിയുമെന്ന് ഖത്തറിന്റെ ഔദ്യോഗിക ഊർജ കമ്പനിയായ ഖത്തർ എനർജി ഉപഭോക്താക്കളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാർച്ചിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന രണ്ട് ഉൽപ്പാദന യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൂർണ ശേഷിയിലേക്ക് എത്താൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ആഗോള എൽ.എൻ.ജി വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഖത്തറിലെ റാസ് ലഫാൻ സമുച്ചയം യുദ്ധത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പ്രവർത്തനരഹിതമായിരുന്നു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എൽ.എൻ.ജി വില കുത്തനെ ഉയർന്നിരുന്നു.
പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തെ എണ്ണ-വാതക കയറ്റുമതിയുടെ വലിയൊരു വിഹിതം ഈ വഴിയിലൂടെയാണ് നടക്കുന്നത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഖത്തറിൽ നിന്നുള്ള എൽ.എൻ.ജി വിതരണം പുനരാരംഭിക്കുന്നത് ആഗോള വാതകക്ഷാമം കുറയ്ക്കാനും ഊർജ വിപണിക്ക് ആശ്വാസമാകാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.


















































