ന്യൂജേഴ്‌സി: കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ മികവിൽ ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ സെനഗലിനെ കീഴടക്കി ഫ്രാൻസ്. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. ഗോൾരഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്.
ഫ്രാൻസിനായി എംബാപ്പെ രണ്ട് തവണ ലക്ഷ്യം കണ്ടപ്പോൾ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോല ഒരു ഗോൾ നേടി. സെനഗലിന്റെ ആശ്വാസഗോൾ 18കാരനായ ഇബ്രാഹിം എംബായെയുടെ വകയായിരുന്നു.
ആദ്യ പകുതിയിൽ ഫ്രാൻസിനെ സമ്മർദത്തിലാക്കിയത് സെനഗലായിരുന്നു. നിക്കോളാസ് ജാക്‌സന്റെ ശക്തമായ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും ഇസ്മായില സാറിന് ലഭിച്ച മികച്ച അവസരം പാഴായതും ആഫ്രിക്കൻ ടീമിന് തിരിച്ചടിയായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ഫ്രാൻസ് 66-ാം മിനിറ്റിൽ ലീഡ് നേടി. മൈക്കൽ ഒലീസെയുടെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച എംബാപ്പെ സെനഗൽ വല കുലുക്കി. ഈ ഗോളോടെ ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ഒലിവിയർ ജിറൂഡിന്റെ 57 ഗോളുകളുടെ റെക്കോർഡിനൊപ്പമെത്താനും എംബാപ്പെയ്ക്കായി.
മത്സരത്തിന്റെ 82-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർകോലയിലൂടെ ഫ്രാൻസ് ലീഡ് ഇരട്ടിയാക്കി. അഡ്രിയാൻ റാബിയോട്ടിന്റെ പാസിൽ നിന്ന് ലഭിച്ച അവസരം ബാർകോല മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.
ഇഞ്ചുറി ടൈമിൽ ഇബ്രാഹിം എംബായെയിലൂടെ സെനഗൽ ഒരു ഗോൾ മടക്കിയതോടെ മത്സരം ആവേശകരമായി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ എംബാപ്പെ ലോങ് റേഞ്ചറിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെ തന്റെ രണ്ടാം ഗോളും ഫ്രാൻസിന്റെ മൂന്നാം ഗോളും നേടി സെനഗലിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിപ്പിച്ചു.
ഈ ഗോളോടെ 58 അന്താരാഷ്ട്ര ഗോളുകൾ നേടിയ എംബാപ്പെ ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി. കൂടാതെ ലോകകപ്പ് വേദിയിൽ 14 ഗോളുകൾ എന്ന നേട്ടത്തിലെത്തി ലയണൽ മെസിയുടെ റെക്കോർഡിനൊപ്പവും താരം എത്തി.

















































